നയതന്ത്ര പാഴ്സലിലൂടെ സ്വര്‍ണക്കടത്ത് നടന്നതെങ്ങനെ എന്നതിന്റെ ചുരുളഴിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം, സരിത്തിന്റെ മൊഴിയും ലഭ്യമായ മറ്റു വിവരങ്ങളും വച്ച് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സിലെത്തിയ നയതന്ത്ര പാഴ്സലിലൂടെ സ്വര്‍ണക്കടത്ത് നടന്നതെങ്ങനെയെന്നതിന്റെ ചുരുളഴിച്ചു.
ഷാര്‍ഷ് ദ് അഫയേഴ്സിന്റെ പേരില്‍ ഫാസില്‍ ഫരീദ് ദുബായില്‍ നിന്ന് സ്വര്‍ണം അടങ്ങിയ പാഴ്സല്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അയക്കുന്നു.
നയതന്ത്ര പാഴ്സലില്‍ കള്ളക്കടത്ത് സ്വര്‍ണം മൈക്രോവേവ് അവന്, കാര്‍ വാഷിങ് യന്ത്രഭാഗം, ഡോര്‍ ലോക്കുകള്‍, സാനിറ്ററി ഫിറ്റിങ്സ് തുടങ്ങിയവയ്ക്കകത്ത് ഒളിപ്പിച്ചാണു വയ്ക്കുന്നത്.
പിടിച്ചെടുത്ത പാഴ്സല്‍, ഫാസില്‍ ഫരീദ് നേരിട്ട് അയച്ചതാണെന്നും യുഎഇ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസ് വഴി അയച്ചതല്ലെന്നും കണ്ടെത്തി. സ്വകാര്യ വ്യക്തി അയച്ചതായതിനാല്‍, നയതന്ത്ര പാഴ്സല്‍ അല്ല എന്ന് യുഎഇ സര്‍ക്കാര്‍ വിശദീകരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
യുഎഇ കോണ്‍സുലേറ്റിന്റെ ഷാര്‍ഷ് ദ് അഫയറിന്റെ പേരില്‍ വരുന്ന പാഴ്സല്‍ ആയതിനാല്‍ എല്ലായ്പ്പോഴും പാഴ്സലുകള്‍ക്കു നയതന്ത്ര പരിരക്ഷ ലഭിച്ചു. നയതന്ത്ര പാഴ്സലുകള്‍ മിക്കപ്പോഴും എക്സറേ പരിശോധനയ്ക്കു വിധേയമാക്കാറില്ല. ഇതിനു മുന്‍പു കള്ളക്കടത്തു സ്വര്‍ണം വന്ന പാഴ്സലുകളും ഇതേ രീതിയിലായിരിക്കാം ഫാസില്‍ ഫരീദ് അയച്ചത്.
പാഴ്സലുകള്‍ കസ്റ്റംസില്‍ നിന്ന് ഏറ്റുവാങ്ങി, ഉടമയെ ഏല്പിക്കുന്നതു വരെയുള്ള കടലാസു പണികള്‍ കസ്റ്റംസ് കാര്‍ഗോ ക്ലിയറിങ് ഏജന്‍സിക്കാണ്. കോണ്‍സുലേറ്റിലേക്കുള്ള പാഴ്സലുകളായതിനാല് ഇതിന്റെ രേഖകളില്‍ പാഴ്സലില്‍ എന്താണുള്ളതെന്നു പോലും രേഖപ്പെടുത്തേണ്ടതില്ല.
https://www.facebook.com/Malayalivartha