ആട്ടിന്‍കുട്ടിക്ക് ചികിത്സ വൈകിയ സംഭവം: അവധിയിലായിരുന്ന ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതില്‍ വന്‍ പ്രതിഷേധം

താമരശ്ശേരി മൃഗാശുപത്രിയിലെ അവധിയിലായിരുന്ന ഡോക്ടര്‍ കെ.വി. ജയശ്രീയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കേരള ഗവ.വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി കരി ദിനം ആചരിച്ചു. തെരുവു നായ കടിച്ച് അവശനിലയിലായ ആട്ടിന്‍കുട്ടിക്ക് ചികിത്സ വൈകിയ സംഭവത്തിലായിരുന്നു സസ്്പെന്‍ഷന്‍. ആശുപത്രികളില്‍ പ്രതിഷേധ പോസ്റ്റര്‍ പതിച്ചിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ആയിരത്തോളം ഡോക്ടര്‍മാര്‍ ക്വിറ്റ് ചെയ്തു. ഗ്രാമീണമേഖലയില്‍ മികച്ച സേവനം നല്കികൊണ്ടിരുന്ന വനിതാ ഡോക്ടറെയാണ് മൃഗ സംരക്ഷണ വകുപ്പ് സസ്പെന്‍ഡ് ചെയ്തതെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി. സങ്കീര്‍ണ ശസ്ത്രക്രിയ പ്രാഥമിക വെറ്ററിനറി കേന്ദ്രത്തില്‍ നടത്താന്‍ കഴിയില്ലെന്നിരിക്കെ നടപടി അനീതിയാണ്. ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്.
താമരശ്ശേരി ചുങ്കം മുട്ടുകടവ് ജാനകിയുടെ ആട്ടിന്‍കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സ വൈകി എന്നായിരുന്നു പരാതി. ജില്ലയിലെ പല ബ്ലോക്കുകളിലും എമര്‍ജന്‍സി സര്‍വീസില്‍ ഒഴിവ് നികത്താത്തതിനാല്‍ പഞ്ചായത്ത് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയം കഴിഞ്ഞും ചികിത്സ നടത്തേണ്ട സ്ഥിതിയാണുള്ളതെന്നും കെജിവിഒഎ ജില്ലാ പ്രസിഡന്റ് ഡോ.സി.കെ. ഷാജിബിന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി.
താമരശേരി വെറ്ററിനറി സര്ജന് ഡോ.കെ.വി.ജയശ്രീയെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കോഴിക്കോട് ഘടകം പ്രതിഷേധിച്ചു. വസ്തുതകള്‍ വിലയിരുത്താതെ എടുത്ത സസ്പെന്ഷന് നടപടി ഉടന്‍ റദ്ദാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വെറ്ററിനറി ഡോക്ടര്‍മാര്‍ ഇന്നു ജില്ലയില്‍ അവധിയെടുത്തു പ്രതിഷേധിക്കും. എന്നാല്‍ ചികിത്സ മുടക്കില്ലെന്നും അവര്‍ അറിയിച്ചു.
അവധിയിലായിരുന്ന ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍, സംഭവത്തില്‍ താമരശ്ശേരി പഞ്ചായത്ത് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. സസ്പെന്‍ഷനു പറഞ്ഞ കാരണവും ചികിത്സ വൈകിയതും പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്പ്പോണയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റി പരിശോധിക്കും.
https://www.facebook.com/Malayalivartha























