വനപാലകര്‍ തന്നെ സ്വാഭാവിക വനം നശിപ്പിച്ചതായി പരാതി

പുതിയ വനവല്ക്കരണത്തിനു വേണ്ടിയെന്ന പേരില്‍ തിരുവമ്പാടി ആനക്കാംപൊയില്‍ ഫോറസ്റ്റ് ഓഫിസിനു സമീപത്തെ സ്വാഭാവിക വനം വനപാലകര്‍ തന്നെ വെട്ടി നശിപ്പിച്ചതായി പരാതി. നായരുകൊല്ലി മേഖലയും ആനക്കാംപൊയില്‍ മേഖലയും ചേരുന്ന സ്ഥലത്തുള്ള വനമാണ് വെട്ടി നശിപ്പിച്ചത്.
അപൂര്‍വമായ മരങ്ങളും വള്ളിപ്പടര്‍പ്പുകളും വെട്ടി നശിപ്പിച്ചു എന്നാണ് ആക്ഷേപം. ഇതിനെതിരെ വനം വകുപ്പില്‍ തന്നെ ആക്ഷേപം ഉണ്ട്.
വര്‍ഷങ്ങള്‍ കൊണ്ടു വളര്‍ന്നു വരേണ്ട ഞരള വള്ളി, അദമ്പ് തുടങ്ങിയ വള്ളിപ്പടര്‍പ്പുകളും വെട്ടി തീയിട്ടു. 40 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളും വള്ളികളുമാണ് നശിപ്പിച്ചത്. ഏറെ വര്‍ഷം പഴക്കമുള്ള കാട്ടുനാരകം, മൂട്ടിപ്പുളി, കല്ശേര് തുടങ്ങി അന്യം നിന്നു പോകുന്ന മരങ്ങള്‍ വരെ വെട്ടി നശിപ്പിച്ചു.
വനം വെട്ടി നശിപ്പിച്ചാല്‍ പൊതുജനങ്ങള്‍ക്കെതിരെ കേസ് എടുക്കുന്ന വനപാലകര്‍ തന്നെ വനം വെട്ടി നശിപ്പിച്ചത് ഫണ്ട് വിനിയോഗിക്കാനുള്ള കുറുക്കു വഴി ആണെന്ന ആക്ഷേപം വിവിധ കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha


























