സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: കോട്ടയത്ത് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു; ശക്തമായ കാറ്റിൽ ചുങ്കം കവലയില്‍ മരം കടപുഴകി വീണു

സംസ്ഥാനത്തുണ്ടായ കനത്ത മഴയെതുടർന്നു കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയത്തെ റെയില്‍വെ തുരങ്കത്തിനു സമീപവും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ഇതേതുടർന്ന് വേണാട് എക്സ്പ്രസ് ചങ്ങനാശേരിയിൽ പിടിച്ചിട്ടു. ബുധനാഴ്ച രാവിലെയാണ് പ്ലാന്റേഷൻ കോർപ്പറേഷനു സമീപം ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. പാളത്തിലേക്ക് കല്ലും മണ്ണും വന്ന വീണതിനേത്തുടര്‍ന്ന് ഇത് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ജീവനക്കാർ തുടങ്ങിയിട്ടുണ്ട്.
തുരങ്കത്തിന് സമീപമുള്ള വൈദ്യുത പോസ്റ്റുകളും മറിഞ്ഞിട്ടുണ്ട്. ട്രാക്കിലേക്ക് വീണ മണ്ണും കല്ലും മാറ്റാനായി ജെ.സി.ബി കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യപ്രയത്നംകൊണ്ടുമാത്രമേ അത് സാധിക്കു. അതിനാല്‍ ഇത് പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം എടുക്കും.
ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നുംതന്നെയുണ്ടായിട്ടില്ല. രാവിലെ വേണാട് എക്സ്പ്രസ് വരേണ്ടതിന് തൊട്ടുമുമ്പാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിച്ചു.
കോട്ടയം ജില്ലയിലുള്‍പ്പടെ സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ 10 മണിക്കൂറിലേറെയായി ശക്തമായ മഴയാണ് പെയ്യുന്നത്. മീനച്ചിലാറ്റില്‍ പെട്ടെന്ന് വെള്ളം ഉയരുകയോ സമീപ മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയോ ചെയ്താലുള്ള പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഴ ഇനിയും തുടര്‍ന്നാല്‍ കുമരകം പോലുള്ള മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കാറ്റും ശക്തമായി വീശുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കോട്ടയം ചുങ്കം കവലയില്‍ നിന്നിരുന്ന വലിയ മരം കടപുഴകി വീണിരുന്നു.
https://www.facebook.com/Malayalivartha