ഉത്ര വധക്കേസ്: പാമ്പിനെ നൽകിയ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

ഉത്രാ വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. മാപ്പ് സാക്ഷിയാക്കണമെന്ന് സുരേഷിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം.
ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിനെ സൂരജിന് നൽകിയത് പാമ്പുപിടുത്തക്കാരൻ കൂടിയായ സുരേഷായിരുന്നു. ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകും. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി.
സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കായി പതിനായിരം രൂപയും നൽകിയിരുന്നു. സൂരജ് പാമ്പിനെ വാങ്ങിയതിന് സുരേഷിന്റെ മകൻ ഉൾപ്പെടെ സാക്ഷിയായിരുന്നു. ഇത് കേസിൽ നിർണായകമായി. പാമ്പിനെ അനധികൃതമായി കൈവശം വച്ചതിന് സുരേഷിനെതിരെ വനംവകുപ്പും കേസെടുത്തിരുന്നു.
കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. തന്നെ മാപ്പ് സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ അപേക്ഷ നൽകിയിരുന്നു. മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. സുരേഷിന്‍റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ കോടതി തീരുമാനിച്ചത്. സുരേഷിന്‍റെ മൊഴി ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. പാമ്പിനെ വിറ്റതടക്കമുള്ള കേസുകളിൽ പ്രതിയാണ് സുരേഷ്. കൊലപാതക കേസിൽ മാപ്പ് സാക്ഷിയാക്കിയാലും സുരേഷ് ഉടൻ ജയിൽ മോചിതനാകാൻ സാധ്യതയില്ല.
https://www.facebook.com/Malayalivartha