ജോലിയില്‍ കയറി 5-ാം ദിവസം യുവ നാവികനെ കപ്പലില്‍ നിന്നു കാണാതായി

കാസര്‍കോഡ് കയ്യുര്‍ അരയാല്‍ക്കടവിലെ സി.വി കുമാരന്റെ മകന്‍ പി.വിഷ്ണു (28)വിനെ ജോലിയില്‍ കയറി 5 ദിവസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കപ്പലില്‍ നിന്നു കാണാതായി. മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ജഗ് അജയ് എന്ന ബള്‍ക്ക് കരിയര്‍ കപ്പലിലായിരുന്നു വിഷ്ണു ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ 14-ാം തീയതിയാണ് ജോലിക്ക് ഹാജരാകാനായി കണ്ണുരില്‍ നിന്നു വിമാന മാര്‍ഗം മുംബൈയിലെത്തിയത്. കോവിഡ് പരിശോധനകളും മറ്റു അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം 23-നാണ് ഈജിപ്തില്‍ എത്തി ജോലിയില്‍ പ്രവേശിച്ചത്.
23-ാം തീയതി കുവൈത്തില്‍ നിന്നു സൂയസ് കനാല്‍ വഴി യുക്രൈയിനിലെ പാവ് ഡെന്നി തുറമുഖത്തേക്കുള്ള യാത്രാ മധ്യേ കരിങ്കടലിലാണ് കാണാതായതെന്നാണ് ക്യാപ്റ്റന്‍ വീട്ടുകാരെ അറിയിച്ചത്. 28-ാം തീയതി രാത്രി 9 -മണിയ്ക്കായിരുന്നു വിളിച്ചത്.
അതേ ദിവസം മര്‍ച്ചന്റ് നേവി ക്ലബ്ബിലും വിവരം ലഭിച്ചിരുന്നു. കപ്പലിലും യാത്ര പിന്നിട്ട വഴികളിലും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നാണ് വിവരം. കാണാതായതുമായി ബന്ധപ്പെട്ട കാരണങ്ങളും വ്യക്തമല്ല.
മകനെ കാണാതായത് സംബന്ധിച്ച് പിതാവ് കുമാരന്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ എംബസി വഴി അന്വേഷണം നടത്തി വിവരങ്ങള്‍ ആരായുന്നുണ്ട്. എം.രാജഗോപാലന്‍ എംഎല്‍എ വിഷ്ണുവിന്റെ വീട്ടിലെത്തി.
https://www.facebook.com/Malayalivartha