നൊമ്പരക്കാഴ്ച ... മെറിന്റെ വേര്‍പാടിനോടൊപ്പം നൊമ്പരമായി കുഞ്ഞു നോറ.... അമ്മയുടെ വിളിക്കായി കാതോര്‍ത്ത് , വീഡിയോ കോളില്‍ കാണാനായി ആറ്റുനോറ്റിരിക്കുന്ന ആ കുഞ്ഞിന്റെ മുഖം വേദനയാകുന്നു... അങ്ങകലെ അച്ഛന്റെ ക്രൂരതയില്‍ ജീവനറ്റ് അമ്മ ..

മെറിന്റെ വേര്‍പാടിനോടൊപ്പം നൊമ്പരമാകുകയാണ് കുഞ്ഞു നോറ..അമ്മയുടെ വിളിക്കായി കാതോര്‍ത്ത് , വീഡിയോ കോളില്‍ കാണാനായി ആറ്റുനോറ്റിരിക്കുന്ന ആ കുഞ്ഞിന്റെ മുഖം വേദനയാകുകയാണ്.'അമ്മ അച്ഛന്റെ കയ്യാല്‍ കൊല്ലപ്പെട്ടതറിയാതെ അമ്മയുടെ പതിവ് ഫോണ്‍ കോളിനായി കാത്തിരിക്കുകയാണ് കുഞ്ഞു നോറ .
യുഎസിലെ മിയാമിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു കുടുംബാംഗങ്ങള്‍. വ്യാഴാഴ്ച രാത്രി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം മോര്‍ച്ചറിയിലേക്കു മാറ്റുമെന്നാണ് അവസാനം അറിഞ്ഞത്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകിട്ട് ആറ് വരെ ഡെയ്വിയിലെ ജോസഫ് എ സ്‌ക്രാനോ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു ന്യൂയോര്‍ക്കില്‍ എത്തിച്ച് അവിടെനിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മെറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
വ്യാഴാഴ്ച മെറിന്‍ പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ദുരന്തം കടന്നെത്തിയത്. വീട്ടില്‍ എന്നത്തെയും പോലെ വിഡിയോ കോളില്‍ അമ്മയെ കാണാന്‍ കാത്തിരുന്ന രണ്ടുവയസ്സുകാരി നോറ നിരാശയായി. ഫോണ്‍ കൈയിലെടുത്ത് കാത്തിരിക്കുന്ന നോറ കുടുംബാംഗങ്ങള്‍ക്ക് നൊമ്പരക്കാഴ്ചയാണ്. ദിവസവും മൂന്നു നാലു തവണ മെറിന്‍ വീട്ടിലേക്കു വിളിച്ചു സംസാരിക്കുകയും കുഞ്ഞിന്റെ കുസൃതികള്‍ കാണുകയും ചെയ്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് മെറിന്‍-നെവിന്‍ ദമ്പതികള്‍ക്കു കുഞ്ഞുണ്ടായതെന്നു ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ വീട്ടുകാര്‍ക്കൊപ്പം വിട്ടു മെറിന്‍ മടങ്ങിയത്. പുതിയ ആശുപത്രിയിലേക്കു മാറിയ ശേഷം കുഞ്ഞിനെ കൊണ്ടുപോകാനായിരുന്നു തീരുമാനം. കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. വിവാഹമോചനം നേടാന്‍ പറഞ്ഞെങ്കിലും കുഞ്ഞിന് പിതാവ് വേണമെന്നു പറഞ്ഞ് പലവട്ടം മെറിന്‍ എല്ലാം സഹിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. താംപയിലെ സെന്റ് ജോസഫ് ആശുപത്രിയില്‍ ഓഗസ്റ്റ് 15-ന് ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു മെറിന്‍.
കേസില്‍ അറസ്റ്റിലായ നെവിനുവേണ്ടി ബ്രൊവാര്‍ഡ് പബ്ലിക് ഡിഫന്‍ഡര്‍ ഓഫിസാണു ഹാജരാകുന്നത്. നെവിന്‍ തീരെ അവശനാണെന്ന് അസിസ്റ്റന്റ് പബ്ലിക് ഡിഫന്‍ഡര്‍ ഫില്ലിസ് കുക്ക് പറഞ്ഞു. നെവിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നാണു കരുതുന്നതെന്നും കുക്ക് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍നിന്ന് അവസാനഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ മെറിനെ പാര്‍ക്കിങ് ഏരിയയില്‍ പതിയിരുന്ന നെവിന്‍ കുത്തിവീഴ്ത്തിയത്. തുടര്‍ന്നു മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിന് 17 തവണ കുത്തേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ മെറിന്‍ ആശുപത്രിയില്‍ മരിച്ചു. ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട്, തന്നെ ആക്രമിച്ചത് നെവിനാണെന്നു മെറിന്‍ പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍, കൈമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ നെവിനെ ഹോട്ടല്‍ മുറിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്
https://www.facebook.com/Malayalivartha