സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കളും ഇപ്പോൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ; ഇരുവർക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവം

സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കളും ഇപ്പോൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇരുവർക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന വിവരത്തെ തുടർന്നായിരുന്നു സംശയമുള്ളവരെ ഏജൻസികൾ നിരീക്ഷണത്തിലാക്കിയിരിക്കുന്നത് . ചിലരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു . സ്വപ്നയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ജയശങ്കറിനെയും മക്കളെയും എൻഐഎ കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തിരുന്നു . തനിക്കു സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നാണു ജയശങ്കർ മൊഴി നൽകിയത്. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും. സ്വപ്നയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ പിടിച്ചെടുത്ത വസ്ത്രവും മക്കളുടെ പാഠപുസ്തകങ്ങളും തിരിച്ചുനൽകുകയും ചെയ്തു.
അതേ സമയം തന്നെ മറ്റു ചില കാര്യങ്ങൾ കൂടെ അന്വേഷിക്കുന്നുണ്ട്. നയതന്ത്ര പാഴ്സലിന്റെ മറവിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ മാതൃകയിൽ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും കൈപ്പുസ്തകങ്ങളും എത്തിയെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികളും പരിശോധിക്കുന്നുണ്ട് . സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളിലും ഇതുസംബന്ധിച്ച സൂചനകൾ കിട്ടുന്നുണ്ട് . കേസിന്റെ ദേശവിരുദ്ധ സ്വഭാവം പരിശോധിച്ചു ബോധ്യപ്പെടാൻ അന്വേഷണ സംഘത്തിന്റെ കേസ് ഡയറി നേരിട്ടു ഹാജരാക്കാൻ എൻഐഎ കോടതി നിർദേശം നൽകി . കേസ് ഡയറി മുദ്രവച്ച കവറിൽ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കുകയാണ് ഉദ്ദേശം.
https://www.facebook.com/Malayalivartha