കോവിഡ് കാലത്തെ മാതൃക സമരം; 'സ്പീക്ക് അപ് കേരള' തരംഗമായി; പിണറായിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം യു.ഡി.എഫ് നേതാക്കള്‍ സത്യാഗ്രഹമിരുന്നു; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനപ്രതിനിധികളും നേതാക്കളും സമരത്തില്‍ പങ്കു ചേര്‍ന്നു

തിരുവനന്തപുരം: രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കള്ളക്കടത്തിന് കുടപിടച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക, സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന് കീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫിന്റെ എം.പിമാരും എം.എല്‍.എമാരും യു.ഡി.എഫ് നേതാക്കളും സംസ്ഥാന വ്യാപകമായി സത്യാഗ്രഹം നടത്തി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനപ്രതിനിധികളും നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഓഫീസുകളിലോ വീടുകളിലോ നടത്തിയ സത്യാഗ്രഹം കേരളത്തിന് പുതിയ അനുഭവമായി. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക ഒരു മണിവരെയായിരുന്നു സത്യാഗ്രഹം. വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ സത്യാഗ്രഹങ്ങളെയും ബന്ധിപ്പിച്ചിരുന്നതിനാല്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നടന്ന സത്യാഗ്രഹങ്ങള്‍ക്ക് ഏകോപന സ്വഭാവം കൈവന്നു. കേരളത്തെ അഴിമതിയില്‍ മുക്കിയ പിണറായി സര്‍ക്കാരിനുള്ള താക്കീതും ജനരോഷത്തിന്റെ പ്രതിഫലനവുമായി സത്യാഗ്രഹ പരിപാടി മാറി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയായ കണ്‍ടോണ്‍മെന്റ് ഹൗസില്‍ സത്യാഗ്രഹമിരുന്ന് സമരത്തിന് നേതൃത്വം നല്‍കി. കണ്‍ടോണ്‍മെന്റ് ഹൗസിന്റെ പൂമുഖത്ത് നടത്തിയ സത്യാഗ്രഹം ഡല്‍ഹിയില്‍ നിന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സമരം സമാപനം നിര്‍വഹിച്ചു. വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മ്മികമായി അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്ത അതീവഗുരുതരമായ തെറ്റിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാത്രമാണ് പുറത്താക്കിയിരിക്കുന്നത്. ഇനി ആരൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഈ കേസില്‍ ഇടപെട്ടിട്ടുണ്ട് എന്നത് അന്വേഷണത്തിലൂടെ പുറത്തുവരാന്‍ പോവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ധാരാളം ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. അഴിമതിയുടേയം കൊള്ളയുടെയും പ്രതിരൂപമായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. കേരളത്തില്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴിലിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും, പാര്‍ട്ടി അനുഭാവികള്‍ക്കും പിന്‍വാതിലിലൂടെ നിയമനങ്ങള്‍ നല്കുന്ന ഗവണ്‍മെന്റാണിത്. കണ്‍സള്‍ട്ടന്‍സി രാജാണ് ഇവിടെ നടക്കുന്നത്. കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുക കമ്മീഷന്‍ പറ്റുക, അതു വഴി അനധികൃത നിയമനങ്ങള്‍ നടത്തുക. ഇങ്ങനെ കേരളത്തിലെ പി.എസ്.സി.യെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി മാറ്റിയ മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടയിട്ടില്ല. ഒരാള്‍ക്കും നിയമനം നല്‍കാതെ റാങ്കു ലിസ്റ്റുകള്‍ റദ്ദാക്കപ്പെടുന്നു. റാങ്ക് ലിസ്റ്റിന്റെ തീയതി നീട്ടിക്കൊടുത്തിട്ടും ആരെയും നിയമിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മതേതരത്വബോധത്തെ ചോദ്യം ചെയ്യാന്‍ കൊടിയേരിക്ക് കഴിയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ നില്‍ക്കള്ളിയില്ലാതായതോടെയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷ നേതാവിനെതിരെ നട്ടാല്‍ കുരുക്കാത്ത ആരോപണം ഉന്നയിച്ചത്. എന്നാല്‍ കോടിയേരി ഉന്നയിച്ച ആരോപണം തന്റെ കാര്യത്തിലാണ് ശരിയെന്ന് സ്വന്തം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം തുറന്നു പറഞ്ഞതോടുകൂടി ജനങ്ങള്‍ക്ക് സത്യം ബോധ്യമായി. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ മുഖംമൂടി ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലെ ജനങ്ങള്‍ കാണുന്നതെന്ന് മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടിറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ മതേതരവിശ്വാസത്തിന് കൊടിയേരി ബാലകൃഷ്ണന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സത്യാഗ്രഹത്തിന് വീഡിയോ കോണ്‍ഫറന്‍സ് വഴി സമാപനം കുറിച്ചു കൊണ്ടു പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവനുമറിയാം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന് വന്ന നേതാവാണദ്ദേഹമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിന് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അന്താരാഷ്ട്രമാനങ്ങളുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കള്ളക്കടത്തില്‍ വ്യക്തമായ പങ്കുണ്ട്. ദേശവിരുദ്ധ ശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തുന്നത്. ഈ കേസിലെ ഉന്നതങ്ങളിലെ അഴിമതി സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ പുറത്തുവരുകയുള്ളു.അന്താരാഷ്ട്ര മാനങ്ങളുള്ളതിനാല്‍ റോയും അന്വേഷിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha