കുഞ്ഞിന്റെ മരണകാരണം നാണയമല്ല, ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും രാസ പരിശോധനാ ലാബില്‍ പരിശോധനയ്ക്ക് നല്കി

നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് 3 സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചിട്ടും മരണത്തിനു കീഴടങ്ങേണ്ടിവന്ന 3 വയസ്സുകാരന് പൃഥ്വിരാജ് ഒരു രൂപയുടെയും 50 പൈസയുടെയും 2 നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. രണ്ടും തമ്മില്‍ ഒട്ടിച്ചേര്‍ന്ന രീതിയിലായിരുന്നു.
നാണയം കടന്നുപോയെങ്കിലും ആമാശയത്തിലോ കുടലിലോ മുറിവുണ്ടായിട്ടില്ല. കുട്ടിയുടെ ദേഹത്തും മുറിവുകളോ പരുക്കുകളോ ഇല്ല. വന്‍കുടലിന്റെ അറ്റത്തു വരെ നാണയങ്ങള്‍ എത്തിയിരുന്നതിനാല്‍ ഏതാനും സമയം കൂടി കഴിഞ്ഞാല്‍ തനിയെ പുറത്തു വരുമായിരുന്നു എന്നാണു ഡോക്ടര്‍മാരുടെ നിഗമനം.
കൊച്ചി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം നാണയങ്ങള്‍ ഉള്ളില്‍ ചെന്നതല്ല മരണ കാരണമെന്നാണ്. ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും കാക്കനാട് രാസ പരിശോധനാ ലാബില്‍ പരിശോധനയ്ക്കു നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ. വിവാദ സംഭവമായതിനാല്‍ ഫലം ഉടന്‍ ലഭ്യമാക്കണമെന്നു പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.
കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പഴവും വെള്ളവും കൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് 4 കുപ്പി നിറമുള്ള മധുരപാനീയവും പഴംപൊരിയും വാങ്ങിക്കൊടുത്തു. പഴം കിട്ടാത്തതുകൊണ്ടു പഴംപൊരി വാങ്ങി പുറത്തെ മൈദ നീക്കിയാണ് കൊടുത്തത്. നാണയം വിഴുങ്ങിയ ശേഷം ഇതല്ലാതെ മറ്റൊന്നും കുട്ടി കഴിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
രാവിലെ 10-ന് തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 11.45-നാണ് അവസാനിച്ചത്. ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ മൃതദേഹം അമ്മ നന്ദിനിയുടെ കൊല്ലം പൂതക്കുളത്തെ വീട്ടിലേക്കു കൊണ്ടുപോയി സംസ്കരിച്ചു .
https://www.facebook.com/Malayalivartha

























