പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...

ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഇളയരാജ, എ.ആർ. റഹ്മാൻ, ദേവ, വിദ്യാസാഗർ, സിർപി, യുവൻശങ്കർ രാജ തുടങ്ങി വിവിധ സംഗീത സംവിധായകർക്കായി തമിഴ്, തെലുഗു ഭാഷകളിൽ മുന്നൂറിലധികം സിനിമകൾക്കു വേണ്ടി മൂവായിരത്തോളം പാട്ടുകൾ ആലപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അന്തരിച്ച സംഗീത സംവിധായകൻ ദേവയുടെ ഗാനങ്ങളിലൂടെയാണ് കൃഷ്ണരാജ് ശ്രദ്ധേയനായത്.
‘തിരുപ്പതി ഏഴുമലൈ വെങ്കിടേശാ.., കാത്തടിക്കുതു കാത്തടിക്കുതു (നിനൈവിരിക്കും വരെ)’, തഞ്ചാവൂരു മണ്ണു എടുത്തു(പൊർക്കാലം), വെള്ളരിക്കാ പിഞ്ചു വെള്ളരിക്ക.. (കാതൽകോട്ടൈ), അയ്യയ്യോ എൻ ഉസുരുക്കുള്ള… (പരുത്തിവീരൻ), തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങളിൽ ചിലതാണ്. സൂര്യയുടെ ‘സൂരറൈ പോട്ര്’ എന്ന സിനിമയിലാണ് അവസാനം പാടിയത്. ‘തഞ്ചാവൂർ മണ്ണ് എടുത്തു’ എന്ന ഗാനം കൃഷ്ണരാജിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു. സിങ്കപ്പൂർ മുൻ പ്രസിഡന്റ് എസ്.ആർ. നാഥന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായി സംസ്കാരച്ചടങ്ങിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സേലം ജില്ലയിലെ വീരപാണ്ടി വെമ്പടിതാളം സ്വദേശിയായ കൃഷ്ണരാജിന്റെ അരങ്ങേറ്റം ദേവ സംഗീതം നൽകിയ ‘അധികാലൈ സുഭവേലൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ദേവയുടെ മിക്ക സിനിമകളിലും ഒരു ഗാനമെങ്കിലും അദ്ദേഹം പാടിയിട്ടുണ്ട്. ചെന്നൈ വൽസരവാക്കത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചു. വെള്ളിയാഴ്ച ജന്മനാടായ വെമ്പടിതാളത്താണ് സംസ്കാരം നടക്കുക.
"
https://www.facebook.com/Malayalivartha

























