കാലവര്‍ഷപ്പാത്തി സജീവം; ഇന്ന് ഉച്ചയോടെ മഴ കനക്കും, വെറും ന്യൂനമര്‍ദമാണെങ്കില്‍ പോലും മഴ ശക്തമാകും

അന്തരീക്ഷത്തില്‍ കാലവര്‍ഷപ്പാത്തി സജീവമായി. വലിയ കാറ്റോടെ കനത്തമഴ തുടര്‍ച്ചയായി പെയ്യാനാണു സാധ്യത. അതിനു മുന്നോടിയായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. ഒരാഴ്ച കാറ്റുംകോളുമില്ലാതെ ശാന്തമായിരുന്ന കടല്‍ തിങ്കളാഴ്ച ഇളകിമറിഞ്ഞു തുടങ്ങി. കാര്‍മേഘങ്ങള്‍ ധാരാളമുണ്ടെങ്കിലും കാറ്റ് വ്യാപകമല്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കുന്നില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിനോടു ചേര്‍ന്ന ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെടുന്നതായാണു സൂചനകള്‍. അത് ചൊവ്വാഴ്ച ഉച്ചയോടെ വലിയതോതില്‍ ശക്തി പ്രാപിക്കുമെന്നാണു നിഗമനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്കു നീങ്ങാന്‍ സാധ്യതയുളളതിനാല്‍ നിലവില്‍ ഗോവ വരെ പരന്നുകിടക്കുന്ന കാര്‍മേഘങ്ങള്‍ വലിയതോതില്‍ അങ്ങോട്ടു നീങ്ങും.
കനത്തകാറ്റും ഉണ്ടായേക്കും എന്നതിനാല്‍ അതിന്റെ ഭാഗമായി ആദ്യം തെക്കന്‍ ജില്ലകളിലും പിന്നീട് വടക്കന്‍ പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത. കാറ്റിന്റെയും ന്യൂനമര്‍ദത്തിന്റെ ശക്തിയും വ്യക്മായാലേ മഴ എത്രത്തോളം തീവ്രമാകുമെന്നു വ്യക്തമാകൂവെന്ന് നിരീക്ഷകര്‍ പറഞ്ഞു. ഇപ്പോഴത്തെ നിഗമനമനുസരിച്ചു ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും.
വെറും ന്യൂനമര്‍ദമാണെങ്കില്‍ പോലും മഴ ശക്തമാകും. ന്യൂനമര്‍ദം ശക്തിപ്പെടുമെങ്കില്‍ അതിതീവ്ര മഴയായേക്കും. മേഘങ്ങള്‍ അതതു സ്ഥലത്തു തന്നെ പൂര്‍ണമായി പെയ്തുതീരുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ വെള്ളം ഉയരും, നാശനഷ്ടം ഉണ്ടാകും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഇത്തരം സ്ഥിതിയുണ്ടായി. ജൂണ്‍ ഒന്നുമുതല്‍ സാധാരണ കാലവര്‍ഷം ഉണ്ടാകുമെന്ന നിരീക്ഷണത്തില്‍ നിന്നു വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്.
ജൂണ്‍, ജൂലൈ എന്നീ രണ്ട് മാസത്തില്‍ ലഭിക്കേണ്ട മഴയുടെ അളവ് രണ്ടാഴ്ച കൊണ്ടു തീവ്രമായി ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ഈ മാസത്തെ ആദ്യ രണ്ടാഴ്ച മഴയുടെ കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ അറിയിപ്പ്.
https://www.facebook.com/Malayalivartha