കഞ്ചിക്കോട്ട് റെയില്‍വേ ട്രാക്കില്‍ 3 അതിഥിത്തൊഴിലാളികള്‍ ട്രെയിനിടിച്ചു മരിച്ച നിലയില്‍

പാലക്കാട് കഞ്ചിക്കോട് റെയില്‍വേ ട്രാക്കില്‍ 3 അതിഥിത്തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം.
സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. സേനയിലെ 6 പേര്‍ക്കു പരുക്കേറ്റു. പൊലീസിനു നേരെയും ആക്രമണമുണ്ടായി. അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സും അടിച്ചുതകര്‍ത്തു.
ഇന്നലെ രാത്രി 10.30-ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഹരിയോം കുനാല്‍ മരിച്ച നിലയിലും ബാക്കി രണ്ടു പേര്‍ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുനാലിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കാതെ മറ്റ് അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയായിരുന്നു. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു.
https://www.facebook.com/Malayalivartha