കഞ്ചാവുമായി പിടിയിലായത് കഞ്ചാവ് കേസില്‍ ലുക്ക് ഔട്ട് നോട്ടിസ് ഉള്ള പ്രതി!

മലപ്പുറം എക്സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഞ്ചാവ് കേസില്‍ ലുക്ക് ഔട്ട് നോട്ടിസുള്ള പ്രതി കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കൊയിലാണ്ടി പന്തലായനി കോതമംഗലത്ത് റഹ്മത്ത് മന്‍സിലില്‍ ഉബൈദിനെ (51) ആണ് കിഴിശേരി ആലിന് ചുവട് വാടക വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്തത്.
2013-ല്‍ കൊയിലാണ്ടി എക്സൈസ് റേഞ്ചിനു കീഴില്‍ 24 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസില്‍ വിചാരണ നേരിട്ട ശേഷം വിധി പറയുന്നതിനു മുന്‍പ് ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവില്‍ പോയി. ഇയാളെ ഹാജരാക്കാന്‍ വടകര എന്‍ഡിപിഎസ് കോടതി ഒട്ടേറെ തവണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ആണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. പിടികൂടിയ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പ്രതിയെ മഞ്ചേരിയില്‍നിന്നു കൊയിലാണ്ടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും വാറന്റുമായി എത്തി ഏറ്റുവാങ്ങി വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
280 ഗ്രാം കഞ്ചാവ്, 11500 രൂപ, അരയില്‍ കഞ്ചാവ് സൂക്ഷിക്കാനുള്ള പ്രത്യേക ബെല്‍റ്റ്, അളവ് തൂക്ക യന്ത്രം എന്നിവ ഇയാളില്‍ നിന്നു പിടികൂടിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.
മലപ്പുറം എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പി.വി. ഏലിയാസിന്റെ നിര്‍ദേശ പ്രകാരം മഞ്ചേരി റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ ജിനീഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി. ഷിജുമോന്, പി.ഹംസ, കെ.പ്രകാശ്, ഓഫിസര്‍മാരായ രാജന് നെല്ലിയായി, വി.സുഭാഷ്, ശ്രീജിത്, പി.സഫീറലി, കെ.ഹരീഷ് , കെ.വിനില്‍കുമാര്‍, കെ.ധന്യ, ശശി എന്നിവരാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























