യുഎസില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന് ജോയിക്ക് യാത്രാമൊഴി

യുഎസില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന് ജോയിക്ക് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി . ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ.സ്കെറാനോ ഫ്യൂണറല്‍ ഹോമിലാണു സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്.
അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയായിരുന്നു (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ ഇന്നു പുലര്‍ച്ചെ 3.30) മെറിന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ സമയം നല്‍കിയത്. ഫാ.ബിന്‍സ് ചേത്തലില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി. ക്നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു.
മെറിന് ജോയി(27) ജൂലൈ 28-നാണ്് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്34) അറസ്റ്റിലായി. നെവിന് ഇപ്പോള്‍ യുഎസില്‍ പൊലീസ് കസ്റ്റഡിയിലാണ്.
അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം നാളെ റ്റാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. 11 മുതല്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. നാളെ വൈകിട്ട് 5-ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തുന്നുണ്ട്.
യുഎസിലെ ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു കാണാന്‍ സാധിക്കുക.
https://www.facebook.com/Malayalivartha

























