സ്വപ്നം പോലും കാണാനായില്ല... സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടേയും കൂട്ടരുടേയും മോഹമായിരുന്നു ഭീകരബന്ധം ആരോപിക്കുന്ന യു.എ.പി.എ.യില്‍ നിന്നും ഒഴിവാക്കുക എന്നത്; അതിനായി അറ്റാഷെ ഉള്‍പ്പെടെ ഏതറ്റവും വരെ പോകാനുള്ള നമ്പറിറക്കിയിട്ടും രക്ഷയില്ല; സ്വപ്നയുടെ വാദങ്ങള്‍ പൊളിച്ചടുക്കി അന്വേഷണ സംഘം

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്കാണ് പോകുന്നത്. കേസില്‍ നയതന്ത്ര പരിരക്ഷയുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ അറബികളെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാനാണ് മുഖ്യ പ്രതിയായ സ്വപ്ന സുരേഷും കൂട്ടരും ആദ്യം മുതല്‍ ശ്രമിച്ചത്. അറബികളെ ചോദ്യം ചെയ്യാനാകാതെ അന്വേഷണ സംഘം ബുദ്ധിമുട്ടുമ്പോള്‍ കേസ് നിലനില്‍ക്കില്ല എന്നാണ് സ്വപ്നയ്ക്ക് കിട്ടിയ നിയമോപദേശം. എന്നാല്‍ അതിനെയെല്ലാം പൊളിച്ചടുക്കുന്ന നീക്കങ്ങളാണ് എന്‍ഐഎ നടത്തുന്നത്. എന്തിന് ദുബായില്‍ പോയി അന്വേഷിക്കാന്‍ പോലും എന്‍ഐഎ സജ്ജമായി കഴിഞ്ഞു.
സ്വപ്നയേയും കൂട്ടരേയും സംബന്ധിച്ച് ഭീകരബന്ധം ആരോപിക്കുന്ന ജാമ്യം കിട്ടാത്ത യു.എ.പി.എ.യില്‍ നിന്നും രക്ഷനേടാനുള്ള അവസാന ശ്രമമാണ് നടത്തിയത്. എന്നാല്‍ എന്‍ഐഎ അതെല്ലാം പൊളിച്ചടുക്കുകയായിരുന്നു. കറുത്ത കുപ്പായമണിഞ്ഞ മാഡത്തിന്റെ ആരും അറിയാത്ത മുഖങ്ങള്‍ പുറത്ത് കൊണ്ടുവരികയായിരുന്നു അന്വേഷണ സംഘം.
കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്താണ് എന്‍.ഐ.എ. രംഗത്തെത്തിയത്. ഈ കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നാണ് എന്‍.ഐ.എ. ഉറപ്പിച്ച് പറയുന്നത്. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുന്ന പ്രവര്‍ത്തനമാണെന്നും യു.എ.പി.എ. നിയമഭേദഗതി പ്രകാരം ഇത് അന്വേഷണ പരിധിയില്‍ വരുമെന്നും എന്‍.ഐ.എ. കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെ പറഞ്ഞിട്ടല്ല സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും ബാഗേജില്‍ ഭക്ഷണ സാധനങ്ങള്‍ മാത്രമാണെന്ന് സ്വപ്ന വ്യാജരേഖയുണ്ടാക്കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന നിരന്തരം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു. എന്നാല്‍ അറ്റാഷെ പറഞ്ഞിട്ടല്ല സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്. സ്വപ്നയുടെയും സന്ദീപ് നായരുടെയും രണ്ട് കോടിയിലേറെ രൂപയുടെ നിക്ഷേപം കണ്ടെത്തി. സന്ദീപിന് മാത്രം 55 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. സന്ദീപ് നായരുടെ ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിച്ചു. ഇതില്‍നിന്ന് ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും യു.എസ്. ഡോളറും ഒമാന്‍ റിയാലും കണ്ടെടുത്തു. പ്രതികളുടെ കൈവശമുള്ള പണവും നിക്ഷേപങ്ങളും സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും എന്‍.ഐ.എ.യുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ 15ലധികം പ്രതികളുണ്ടെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചുണ്ട്. ഇവരുടെ വിശദാംശങ്ങളും സത്യവാങ്മൂലത്തിനൊപ്പം നല്‍കി. എന്‍.ഐ.എ.യുടെ കേസില്‍ സ്വപ്ന നല്‍കിയ ജാമ്യാപേക്ഷ കോടതി ഇനി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്കു തെളിവായ നിര്‍ണായക മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിരിക്കുകയാണ്. ദുബായില്‍ നിന്നെത്തിയ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ജൂണ്‍ 30നു തടഞ്ഞുവച്ച വിവരം അറിഞ്ഞ അന്നു രാത്രിയാണു കേസിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത് എന്നിവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ റമീസ് നശിപ്പിക്കാതിരുന്നതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ ഫോണും ലാപ്‌ടോപ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും റമീസിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റമീസിന്റെ ഉന്നത ബന്ധങ്ങളുടെ തെളിവാണ് നശിപ്പിക്കപ്പെട്ട ഫോണിലുള്ളതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ ഫോണിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇയാളുടെ നിഗൂഢബന്ധങ്ങള്‍ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ആരായുകയാണ് എന്‍ഐഎ.
https://www.facebook.com/Malayalivartha

























