ലോറിയുടെ ടയറുകള്‍ക്കിടയില്‍പ്പെട്ട കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു!

കൊല്ലം, കുളത്തൂപ്പുഴ പട്ടണത്തില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍നിന്ന് ബൈക്ക് യാത്രികനും നിലത്തുവീണ ഭാര്യയും കുഞ്ഞുങ്ങളും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ജനം. ഇന്നലെ രാവിലെ 10- മണിയ്ക്കായിരുന്നു സംഭവം. ഒാട്ടോ തൊഴിലാളികളുടെയും വ്യാപാരികളുടെയും ഇടപെടലിലാണ് ചരക്കുലോറിയുടെ പിന്‍വശത്തെ ടയറുകള്‍ക്കിടയില്‍ കുടുങ്ങിയ ബൈക്ക് യാത്രികനും നിലത്തുവീണ ഭാര്യയും കുഞ്ഞുങ്ങളും രക്ഷപ്പെട്ടത്.
തമിഴ്‌നാട്ടില്‍നിന്നു ഭാര്യയ്ക്കും 2 കുഞ്ഞുങ്ങള്‍ക്കുമൊപ്പം ബൈക്കില്‍ എത്തിയ യുവാവ്, സെന്‍ട്രല്‍ ജംക്ഷനില്‍വച്ചു ലോറി വലതുവശത്തെ അഞ്ചല്‍ റോഡിലേക്ക് കയറിയപ്പോള്‍ ലോറി നല്‍കിയ സൂചന കാണാതെ മറികടക്കാന്‍ ശ്രമിച്ചു. ലോറിയില്‍ തട്ടി മറിഞ്ഞ ബൈക്കില്‍നിന്നു നിലത്തുവീണ യുവതിയെയും കുഞ്ഞുങ്ങളെയും നാട്ടുകാര്‍ വലിച്ചുമാറ്റിയെങ്കിലും യുവാവ് ടയറുകള്‍ക്കിടയില്‍പ്പെട്ടു.
ലോറി ഡ്രൈവര്‍ക്ക് അപകടമുന്നറിയിപ്പു നല്‍കിയും ഉച്ചത്തില്‍ വിളിച്ചുകൂവിയും ആളുകള്‍ ലോറി നിര്‍ത്തിച്ചു യാത്രക്കാരനെ പുറത്തെടുത്തു. ഭാഗ്യത്തിന് ആര്‍ക്കും പരുക്കില്ല.
സെന്‍ട്രല്‍ ജംക്ഷനില്‍ അപകടമുന്നറിയിപ്പു നല്‍കി സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. പട്ടണത്തില്‍ ഗതാഗത ക്രമീകരണം നടപ്പാക്കിയെങ്കിലും വാഹന നിയന്ത്രണത്തിന് ആരുമില്ലാത്തതാണ് ദുരന്തസമാനമായ സാഹചര്യമൊരുക്കിയത്. നേരത്തെ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























