ആകാംക്ഷയോടെ സഖാക്കള്‍... ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു; കെ. സുരേന്ദ്രന്‍ വെല്ലുവിളിച്ചവരിലേക്ക് തന്നെ അന്വേഷണം നീളുന്നു; ഒന്നും മനസിലാകാതെ സഖാക്കള്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വില കുറച്ച് കാണിച്ചവരെല്ലാം നമിച്ച് പോകുന്ന കാഴ്ചയാണ് കാണുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വെറും ഒരു ആരോപണം പറഞ്ഞാല്‍ പോലും അതിലൊരു കാര്യം കാണുമല്ലോ. കാരണം അദ്ദേഹത്തിന് പലതും അറിയാന്‍ സോഴ്‌സ് കാണും. സ്വര്‍ണക്കടത്ത് കേസില്‍ സുരേന്ദ്രന്‍ അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കളിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അതെല്ലാം അച്ചെട്ടാകുന്ന കാഴ്ചയാണ് കണ്ടത്. ശിവശങ്കറിന് പിന്നാലെ സി.എം. രവീന്ദ്രന് കൂടി കുരുക്ക് മുറുകുകയാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വീണ്ടും സംശയ നിഴലിലാക്കുമാറ് അന്വേഷണം ഒന്നുകൂടി മുറുക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ അഡി. െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് നോട്ടീസ് നല്‍കി. കസ്റ്റഡിയിലുള്ള ശിവശങ്കറില്‍ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനെയും സി.പി.എമ്മിനെയും ഒരുപോലെ വിഷമവൃത്തത്തിലാക്കുന്ന നടപടി.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു പിന്നാലെ പാര്‍ട്ടിയുമായി ഗാഢബന്ധമുള്ള സി.എം. രവീന്ദ്രനിലേക്ക് അന്വേഷണമെത്തുന്നത് ഭരണമുന്നണിയില്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവയ്ക്കും. ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രന്‍ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടിയിരുന്നു. കെ ഫോണ്‍ അടക്കം വന്‍കിട പദ്ധതികളില്‍ രവീന്ദ്രന്റെ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് സംശയം. ശിവശങ്കര്‍ ടൂറിസം സെക്രട്ടറിയായിരിക്കെ തന്നെ രവീന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു. ഐ.ടി പദ്ധതികളില്‍ മലബാറിലെ ഐ.ടി കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. ശിവശങ്കറിനെ കാണാന്‍ സ്വപ്ന സെക്രട്ടേറിയറ്റിലെത്തുമ്പോള്‍ പല തവണ രവീന്ദ്രനെയും കണ്ടതായും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാര്‍ട്ടികളില്‍ പങ്കെടുത്തതായും സംശയമുണ്ട്. വിസ സ്റ്റാമ്പിംഗ് ആവശ്യത്തിന് നിരവധി തവണ വിളിച്ചതായി സ്വപ്നയും വെളിപ്പെടുത്തി. സ്വപ്നയുമായി പണമിടപാടുകളുണ്ടെന്നും ഇ.ഡി സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വിളിച്ചു വരുത്തുന്നത്.
വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വര്‍ണക്കടകളിലും വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇ.ഡി സംശയിക്കുന്നു. ബിനാമികളെ ഉപയോഗിച്ച് പലേടത്തും ഭൂമി വാങ്ങിക്കൂട്ടിയെന്നും ആരോപണമുണ്ട്. മൊബൈല്‍ ഫോണ്‍ വിപണന ഏജന്‍സി രവീന്ദ്രന്റെ ബിനാമി ഇടപാടാണെന്നും പറയുന്നു. വിദ്യാഭ്യാസ യോഗ്യതയിലും വയസിലും ഇളവു നല്‍കിയാണ് രവീന്ദ്രനെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാക്കിയത്. രാഷ്ട്രീയ നിയമനമാണ് രവീന്ദ്രന്റേത്. വര്‍ഷങ്ങളായി പല സി.പി.എം മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫായിരുന്നു.
പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള കരാര്‍, ബിനീഷിന്റെ ബിനാമിയായ തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമയ്ക്ക് നല്‍കിയതിലും രവീന്ദ്രന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഈ ഇടപാടില്‍ 70,000 ഡോളര്‍ (51 ലക്ഷം രൂപ) കാര്‍ പാലസ് തനിക്ക് കമ്മിഷന്‍ നല്‍കിയെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. വീടുകളുടെ പുനര്‍നിര്‍മാണത്തിനായി 1,60,000 ഡോളറാണ് (1.2 കോടി രൂപ) യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയത്. ഈ കടയുടമയുടെ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനിക്കാണ് കോണ്‍സുലേറ്റിലെ പണമിടപാട് കരാറും നല്‍കിയത്. ഇതില്‍ 35,000 ഡോളറും (25.8 ലക്ഷം രൂപ) കമ്മിഷന്‍ ലഭിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. എന്തായാലും രവീന്ദ്രന് മേല്‍ അന്വേഷണം മുറുകുമ്പോള്‍ എന്തുണ്ടാകുമെന്നറിയാന്‍ കാതോര്‍ക്കുകയാണ് കേരളം.
L
https://www.facebook.com/Malayalivartha