തര്‍ക്കവുമായി ഭാര്യയും... ബിനീഷ് കോടിയേരിയുടെ കോടിയേരി വീട്ടിലെ റെയ്ഡ് നേരം പുലര്‍ന്നിട്ടും തുടരുന്നു; ബിനീഷിന്റെ വീട്ടിലടക്കം 7 ഇടത്ത് ഒരേസമയം റെയ്ഡ് നടത്തി; ബിനീഷിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാകാത്തതില്‍ ആകാംക്ഷ; രേഖകള്‍ ഇഡി കൊണ്ടുവന്നതെന്ന് വാദം; ഒപ്പിടാന്‍ മടിച്ച് ഭാര്യ; കോടതിയെ സമീപിക്കാന്‍ നീക്കം

വല്ലാത്തൊരു ട്വിസ്റ്റാണ് തലസ്ഥാനത്തെ ബിനീഷ് കോടിയേരുടെ വീടായ കോടിയേരിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പപോഴും അവസാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കേന്ദ്ര സേനയുടെ കാവലിലുള്ള റെയ്ഡില്‍ അങ്കലാപ്പിലാണ് കുടുംബം. തങ്ങളെ അകാരണമായി തടഞ്ഞുവയ്ക്കുകയാണെന്ന് കുടുംബം ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. ഇതില്‍മേല്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ്.
ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ കള്ളപ്പണ ബിനാമി ഇടപാടിന്റെ രേഖകള്‍ പിടിച്ചെടുക്കാനും, വരുമാനത്തിന്റെ ഉറവിടം കണ്ടെത്താനും ബിനീഷിന്റെ വസതിയടക്കം തിരുവനന്തപുരത്ത് ആറിടത്തും കണ്ണൂരില്‍ ഒരിടത്തുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. മയക്കുമരുന്നു കച്ചവടക്കാരനും ബിനീഷിന്റെ സുഹൃത്തുമായ അനൂപിന്റെ എ.ടി.എം കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ചെന്ന് ഇ.ഡി പറഞ്ഞു. എന്നാല്‍ ഇത് ഇ.ഡി കൊണ്ടു വച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ ആരോപിച്ചു.
തിരുവനന്തപുരം മരുതംകുഴിയിലെ ബിനീഷിന്റെ 'കോടിയേരി'യെന്ന വീട്, ബിനാമിയെന്ന് കരുതുന്ന അബ്ദുള്‍ലത്തീഫിന്റെ കവടിയാറിലെ വസതി, ബിനീഷിന് നിക്ഷേപമുണ്ടെന്ന് സംശയിക്കുന്ന പട്ടത്തെ കാര്‍ പാലസ്, ശംഖുംമുഖത്തെ ഓള്‍ഡ് കോഫി ഹൗസിലടക്കം ബിസിനസ് പങ്കാളിയായ ആനന്ദ് പദ്മനാഭന്റെ ഉടമസ്ഥതയിലുള്ള സ്റ്റാച്യുവിലെ ടോറസ് റെമഡീസ് കമ്പനി, സുഹൃത്ത് അബ്ദുള്‍ ജബ്ബാറിന്റെ അരുവിക്കരയിലെ വീട്, ബിനാമിയിടപാടുണ്ടെന്ന് സംശയിക്കുന്ന കെകെ റോക്‌സ് ക്വാറിയുടമ അരുണ്‍വര്‍ഗീസിന്റെ വീട് എന്നിവിടങ്ങളിലായിരുന്നു തിരുവനന്തപുരത്ത് റെയ്ഡ്.
കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന മുഹമ്മദ് അനസിന്റെ തലശേരിയിലെ വീട്ടിലെ റെയ്ഡില്‍ ചാക്കില്‍ കെട്ടിയ രേഖകള്‍ പകുതി കത്തിച്ച നിലയില്‍ കണ്ടെത്തി. ബിനീഷിന്റെ സുഹൃത്താണ് അനസ്. സി.ആര്‍.പി.എഫ്, കര്‍ണാടക പൊലീസ് സായുധസുരക്ഷയിലായിരുന്നു ഇ.ഡിയുടെ കൂട്ടറെയ്ഡുകള്‍. തിരുവനന്തപുരത്തെ ആറിടങ്ങളിലെ റെയ്ഡ് 11മണിക്കൂര്‍ നീണ്ടു.
ഇന്നലെ രാവിലെ ഒമ്പതരയോടെ ആറ് ഇ.ഡി, ആദായനികുതി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ സുരക്ഷയൊരുക്കുന്ന പൊലീസുകാരേ ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂറിലേറെ ഉദ്യോഗസ്ഥര്‍ കാത്തുനിന്നു. ബിനീഷിന്റെ ഭാര്യയെത്തി താക്കോല്‍ കൈമാറി. പട്ടത്തെ കാര്‍പാലസ് ഷോറൂം രാവിലെ തുറന്നയുടന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് അകത്തുകയറി. യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗ് കരാര്‍ നേടിയ കമ്പനി ലത്തീഫിന്റേതാണ്. പ്രളയത്തില്‍ തകര്‍ന്ന 150വീടുകള്‍ പുതുക്കിപ്പണിയാന്‍ കോണ്‍സുലേറ്റിന്റെ 1,60,000 ഡോളര്‍ (1.2കോടി രൂപ) കരാര്‍ ലഭിച്ചത് കാര്‍പാലസിനാണ്. ഈ ഇടപാടില്‍ 70,000 ഡോളര്‍ (51ലക്ഷം രൂപ) കാര്‍ പാലസ് തനിക്ക് കമ്മിഷന്‍ നല്‍കിയെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ലത്തീഫിനെ ചോദ്യംചെയ്യാന്‍ ഇ.ഡി ബംഗളൂരുവിലേക്ക് വിളിപ്പിച്ചു.
അതേസമയം കോടിയേരി വീട്ടിലെ റെയ്ഡില്‍ രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. രേഖകളില്‍ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതുകൊണ്ട് ഒപ്പിടില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
ഇതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അഭിഭാഷകനെത്തി ഒപ്പിടുന്ന രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകന്‍ നിലപാടെടത്തു. രേഖകള്‍ ഒപ്പിടുന്നതിനു മുമ്പ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് റെയ്ഡ് പൂര്‍ത്തിയായിട്ടും ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനായില്ല. അതിനിടെ റെയ്ഡിന് രാഷ്ട്രീയ മുഖം നല്‍കാനും ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha