വക്കീല്‍ ഓടിയെത്തി... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് അവസാനിച്ചുവെന്ന് ചാനലുകാര്‍ വാര്‍ത്ത നല്‍കിയെങ്കിലും തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ; ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം; തങ്ങളെ അകാരണമായി തടഞ്ഞു വയ്ക്കുന്നുവെന്ന് കുടുംബം; ഈച്ചപോലും അകത്ത് കയറാതെ സംരക്ഷിച്ച് കേന്ദ്ര സേന

തലസ്ഥാനത്തെ ബിനീഷ് കോടിയേരിയുടെ കോടിയേരി വീട്ടില്‍ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ കേരളം കാതോര്‍ക്കുകയാണ്. ഇന്നലെ രാത്രി കോടിയേരി വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ചു എന്ന ചാനല്‍ വാര്‍ത്ത കണ്ട് മനസമാധാനത്തോടെ ഉറങ്ങാന്‍ പോയവര്‍ രാവിലെ ടിവി തുറന്നപ്പോള്‍ ഞെട്ടിപ്പോയി. വീട്ടിലെ റെയ്ഡ് കഴിഞ്ഞിട്ടില്ലെന്ന്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുകയാണ്. ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച റെയ്ഡാണ് ഒരു രാത്രിയും പിന്നിട്ട് ഇപ്പോഴും തുടരുന്നത്. അതിനിടെ ബിനീഷിന്റെ ഭാര്യ ഇഡിയുമായി തര്‍ക്കിച്ചെന്ന വാര്‍ത്തയും പുറത്തു വന്നു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികള്‍ക്ക് ആധാരമായ രേഖകള്‍ കുടുംബത്തോട് ഇഡി ആവശ്യപ്പെട്ടു. ഇതിനിടയില്‍ കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇ ഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകന്‍ സംസാരിച്ചു.
മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എടിഎം കാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വാദിക്കുന്നു. എന്നാല്‍ കാര്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് കൊണ്ടുവന്നതാണെന്ന വാദമാണ് ബിനീഷിന്റെ കുടുംബം ഉന്നയിക്കുന്നത്. ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇഡിയുടെ രേഖകളില്‍ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.
തര്‍ക്കം രൂക്ഷമായതോടെയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുമ്പുഴ വിജയകുമാര്‍ ബിനീഷിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ സി പി എം പ്രവര്‍ത്തകരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നും ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് തുടരുമെന്നാണ് സൂചന.
രേഖകളില്‍ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്!ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. അതുകൊണ്ട് ഒപ്പിടില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. രേഖകള്‍ ഒപ്പിടുന്നതിനു മുമ്പ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് റെയ്ഡ് പൂര്‍ത്തിയായിട്ടും ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനായില്ല. രേഖകള്‍ പുറത്തുനിന്നും കൊണ്ടുവന്നതാണന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.എന്‍.ഷംസീര്‍ എംഎല്‍എ ചാനലില്‍ പറഞ്ഞത് മറ്റൊരു തര്‍ക്കത്തിനിടയായി.
ബുധനാഴ്ച, ഇഡി സംഘം ആദ്യം എത്തിയത് ഇടക്കിടെ കോടിയേരി ബാലകൃഷ്ണനും കുടുംബവും താമസിക്കാറുള്ള ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീട്ടിലേക്കാണ്. ആറ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാനായി കേന്ദ്ര സേനയും കര്‍ണാടക പൊലീസും തോക്കേന്തി വീടിന് മുന്നില്‍ നിരന്നു. കേരള പൊലീസ് എത്തിയെങ്കിലും ഗേറ്റിനുള്ളിലേക്ക് കയറ്റിയില്ല. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അരമണിക്കൂറോളം കാത്ത് നിന്ന സംഘം ബിനീഷിന്റെ ഭാര്യയേയും ബന്ധുക്കളെയും വിളിച്ചുവരുത്തി വീടുതുറന്ന് പരിശോധന തുടങ്ങിയത്.
ഇതേസമയം സ്റ്റാച്യുവിലെ റിയല്‍ എസ്‌റ്റേറ്റ്, ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ടോറസ് റെമഡീസിലും കേശവദാസപുരത്തെ കാര്‍ അക്‌സസറീസ് സ്ഥാപനമായ കാര്‍ പാലസിലും പട്ടത്തെ കെ.കെ.ഗ്രാനൈറ്റ്‌സിലും ഇഡി കയറി. ഇവയെല്ലാം ബിനീഷിന്റെ ബെനാമി സ്ഥാപനമെന്നാണ് ഇഡിയുെട സംശയം. കാര്‍ പാലസിന്റെ ഉടമയായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും ബിനീഷിന്റെ സുഹൃത്തിന്റെ അരുവിക്കരയിലെ വീട്ടിലും പരിശോധന നടത്തി.
സാമ്പത്തിക ഇടപാടുകളാണ് പരിശോധനയുടെ ലക്ഷ്യം. ബിനീഷ് വന്‍ തോതില്‍ ലഹരി ഇടപാടിനും പണം മുടക്കിയിരുന്നെന്ന് ഇഡി വാദിക്കുന്നതിനാല്‍ കണ്ടെടുക്കുന്ന വിവരങ്ങള്‍ അതിനിര്‍ണായകമാണ്. അതിനാലാണ് തിരുവനന്തപുരത്തിനപ്പുറം കണ്ണൂരിലേക്കും പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇന്നലെ തുടങ്ങിയ ആകാംക്ഷ ഇന്നും തുടരുകയാണ്.
https://www.facebook.com/Malayalivartha