അടിമാലിയില്‍ ട്രിപ്പ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസുടമയെ കുത്തിക്കൊന്ന മറ്റൊരു ബസിലെ ജീവനക്കാരന്‍ അറസ്റ്റില്‍

ബസുടമയും മറ്റൊരു ബസിലെ ജീവനക്കാരനും തമ്മില്‍ ബസ് ട്രിപ്പ് സമയത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ബസുടമ കുത്തേറ്റു മരിച്ചു. അടിമാലി സേനാപതി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 'മേരി മാത' ബസിന്റെ ഉടമയായ ബൈസണ്‍വാലി നടുവിലാംകുന്നില്‍ ബോബന്‍ ജോര്‍ജ് (ജോപ്പന്‍-37) ആണ് മരിച്ചത്. 'ക്രിസ്തുരാജ' ബസിലെ ഡ്രൈവറായ ഇരുമ്പുപാലം തെക്കേടത്ത് മനീഷ് മോഹനനെ (38) പരുക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനീഷിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.
അടിമാലി ബസ് സ്റ്റാന്‍ഡിലായിരുന്നു തര്‍ക്കവും തുടര്‍ന്ന് കൊലപാതകവും. ബോബനും ഇതേ റൂട്ടില്‍ ഓടുന്ന 'ക്രിസ്തുരാജ' ബസിലെ ഡ്രൈവറായ മനീഷും തമ്മില്‍ മൂന്നു വര്‍ഷം മുന്‍പ് ട്രിപ്പിന്റെ സമയത്തെച്ചൊല്ലി തര്‍ക്കവും വഴക്കും ഉണ്ടായെന്ന് പൊലീസ് പറയുന്നു. കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് വീണ്ടും തര്‍ക്കവും ബലപ്രയോഗവും ഉണ്ടായെങ്കിലും മറ്റു ബസ് ജീവനക്കാരും നാട്ടുകാരും ഇടപെട്ട് അവസാനിപ്പിച്ചു.
ഇന്നലെ രാവിലെ 10-ന് തര്‍ക്കം പറഞ്ഞുതീര്‍ക്കുന്നതിനായി ബസ് സ്റ്റാന്‍ഡിലെ സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപന ഉടമ മുന്‍കൈ എടുത്ത് ഇരുവരെയും കടയിലേക്കു വിളിച്ചുവരുത്തി. സംസാരത്തിനിടെ മനീഷ് മോഹനന്‍ അരയില്‍ നിന്നു കത്തിയെടുത്ത് ബോബന്റെ വയറ്റില്‍ കുത്തിയെന്നാണ് കേസ്. ബോബനും സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ റബര്‍ കത്തി ഉപയോഗിച്ച് മനീഷിനെ ആക്രമിച്ചതായി പൊലീസ് പറയുന്നു.
മുറിവുകളോടെ റോഡിലേക്കിറങ്ങിയ രണ്ടുപേരും വീണ്ടും പരസ്പരം ആക്രമിച്ചു. പൊലീസ് സ്ഥലത്തെത്തി പിടിച്ചുമാറ്റിയെങ്കിലും ബോബന്‍ സ്ഥലത്തുതന്നെ കുഴഞ്ഞുവീണു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍.ഭാര്യ: റിനി. മക്കള്‍: ജൂവല്‍, ജുവാന, ജോ. മനീഷ് പൊലീസ് കാവലില്‍ ചികിത്സയിലാണെന്ന് അടിമാലി എസ്എച്ച്ഒ അനില്‍ ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha