അനുവദിക്കപ്പെട്ട വായ്പ നഷ്ടപ്പെടുത്തിയത് മാനേജരാണെന്ന തെറ്റിദ്ധാരണയില്‍ ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

എസ്ബിഐ ശാഖാ മാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. കാട്ടൂര്‍ കതിരപ്പിള്ളി വിജയരാഘവനെയാണ് (64) പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ കണ്ണൂര്‍ പയ്യാമ്പലം സ്വദേശി വി.പി. രാജേഷ് (44) അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബാങ്ക് തുറക്കാന്‍ ഇന്നലെ രാവിലെ 9-ന് രാജേഷ് എത്തിയപ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ വിജയരാഘവന്‍ ഇരുമ്പുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. വിജയരാഘവന് അനുവദിച്ച വായ്പ നഷ്ടപ്പെട്ടതിനു കാരണം ബാങ്ക് മാനേജരാണെന്ന തെറ്റിദ്ധാരണയിലാണ് ആക്രമണം നടത്തിയത്.
കര്‍ഷകനായ വിജയരാഘവനു ബാങ്ക് വായ്പ അനുവദിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ച് ഒരുമാസത്തോളം ചികിത്സയിലായിരുന്നതിനാല്‍ ഇദ്ദേഹത്തിനു വായ്പ സ്വീകരിക്കാന്‍ ബാങ്കിലെത്താനായില്ല. അതിനിടെ വായ്പയുടെ സമയപരിധി കഴിയുകയും ചെയ്തു.
അപ്പോഴേക്കും ബാങ്ക് മാനേജര്‍ സ്ഥലംമാറിപ്പോയി. പുതുതായെത്തിയ മാനേജര്‍ രാജേഷ് സമയപരിധി കഴിഞ്ഞെന്നും വായ്പ നഷ്ടപ്പെട്ടെന്നും വിജയരാഘവനെ അറിയിച്ചു. അപേക്ഷ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വായ്പ നഷ്ടപ്പെടുത്തിയതിനു പിന്നില്‍ പുതിയ മാനേജരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ആക്രമണം.
ആക്രമണദൃശ്യം ബാങ്കിനു മുന്നിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടൂര്‍ അങ്ങാടിയില്‍ പൊലീസ് സ്ഥാപിച്ച ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതാണ് വഴിത്തിരിവായത്.
https://www.facebook.com/Malayalivartha