ചാലിയാറില്‍ നിര്‍ത്തിയിട്ട യന്ത്രവല്‍കൃത ബോട്ടില്‍ വന്‍ തീപിടിത്തം; വീല്‍ ഹൗസും ഡെക്കും മത്സ്യബന്ധന ഉപകരണങ്ങളും പൂര്‍ണമായും കത്തിച്ചാമ്പലായി

തൊഴിലാളികള്‍ക്കു ഭക്ഷണം പാകം ചെയ്യുന്നതിനിടെ സ്റ്റൗവില്‍ നിന്നു തീ പടര്‍ന്ന് മത്സ്യബന്ധനം കഴിഞ്ഞ് ചാലിയാറില്‍ കാക്കാതിരുത്തിക്കു സമീപം നിര്‍ത്തിയിട്ട യന്ത്രവല്‍കൃത ബോട്ടില്‍ വന്‍ തീപിടിത്തം. വീല്‍ ഹൗസും ഡെക്കും മത്സ്യബന്ധന ഉപകരണങ്ങളും പൂര്‍ണമായും കത്തിച്ചാമ്പലായി. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കരുവന്‍തിരുത്തി തയ്യില്‍ അക്ബറിന്റെ ഉടമസ്ഥതയിലുള്ള ഹാസ്‌കോ ബോട്ടിനാണ് ഉച്ചയ്ക്ക് ഒന്നിനു തീപിടിച്ചത്.
തീ ആളിപ്പടര്‍ന്ന് ബോട്ടിലെ ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വീല്‍ ഹൗസ് പൂര്‍ണമായും അഗ്‌നിക്കിരയായി. വല, ജിപിഎസ്, വയര്‍ലെസ്, എക്കോ സൗണ്ടര്‍, മീന്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ എന്നിവയെല്ലാം കത്തി നശിച്ചു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളിയെ സമീപത്തെ തോണിയിലേക്കു കയറ്റി.
ബേപ്പൂര്‍ തീരദേശ പൊലീസും കോസ്റ്റ് ഗാര്‍ഡും രക്ഷാദൗത്യത്തില്‍ പങ്കാളികളായി. മീഞ്ചന്തയില്‍ നിന്നു അഗ്‌നിരക്ഷാസേനയും എത്തിയിരുന്നു. ചാലിയത്തു നിന്നും ബേപ്പൂരില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
https://www.facebook.com/Malayalivartha