4 വയസുകാരി മൂന്നാം നിലയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം

മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ 4 വയസുകാരി കമ്പിയില്‍ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം. കുട്ടി ജനലില്‍ കമ്പിയില്‍ തൂങ്ങികിടക്കുന്നത് അയല്‍വാസി വിളിച്ചു പറഞ്ഞത് അവധിയിലായിരുന്ന അഗ്‌നിരക്ഷാ സേനാ പ്രവര്‍ത്തകന്‍ കേട്ടത് പിഞ്ചുകുഞ്ഞിന് രക്ഷയായി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൂനെയിലെ കട്രാജ് മേഖലയില്‍ വച്ചാണ് 4 വയസുകാരി ഭാവിക ചന്ദന മൂന്നാം നിലയിലെ ജനലിലൂടെ താഴേയ്ക്ക് തെന്നി വീണത്.
വീഴുന്നതിനിടെ കഷ്ടിച്ച് ജനല്‍പ്പടിയില്‍ പിടുത്തം കിട്ടിയതോടെ കുട്ടി ജനലില്‍ തൂങ്ങുകയായിരുന്നു. ഈ സമയത്താണ് അയല്‍വാസിയും അഗ്‌നിരക്ഷാ സേനാംഗവുമായ യോഗേഷ് അര്‍ജുന്‍ ചവാന്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ വിളിച്ച് പറയുന്നത് ശ്രദ്ധിച്ചത്. അപകടം നടക്കുന്ന സമയത്ത് അപാര്‍ട്ട്‌മെന്റിലെ കിടപ്പുമുറി അടച്ചിട്ട നിലയിലായിരുന്നു. സംഭവം കണ്ടെത്തിയ അഗ്‌നിരക്ഷാ സേനാംഗം പറയുമ്പോഴാണ് മകള്‍ ജനലിലൂടെ വീണ കാര്യം അമ്മ അറിഞ്ഞത്. നാല് വയസുകാരിയുടെ സഹോദരിയെ സ്‌കൂളിലേക്ക് അയക്കാനായി അമ്മ പുറത്തേക്ക് പോയ സമയത്താണ് കുട്ടി കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ചത്. കട്ടിലില്‍ കയറിയ ശേഷം ജനാലയുടെ അടുത്തെത്തി കളിക്കുന്നതിനിടെയാണ് നാല് വയസുകാരി താഴേയ്ക്ക് വീണത്.
ജോലിയിലെ ഓഫ് ഡേ ആയതിനാല്‍ വീട്ടിലുണ്ടായിരുന്ന അര്‍ജുന്‍, കുളിക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് അയല്‍വീട്ടിലെ ജനലില്‍ കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് അറിയുന്നത്. വസ്ത്രം പോലും മാറാതെ സെക്കന്റുകള്‍ക്കുള്ളില്‍ കുഞ്ഞിന് അടുത്ത് എത്താനായതാണ് അപകടം ഒഴിവാക്കിയത്. പതിനഞ്ച് മിനിറ്റിലേറെ സമയം കുഞ്ഞ് ജനലിലെ കമ്പിയില്‍ തൂങ്ങി നിന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 14 വര്‍ഷത്തോളമായി പൂനെ ഫയര്‍ ബ്രിഗേഡില്‍ സേവനം ചെയ്യുകയാണ് അര്‍ജുന്‍.
https://www.facebook.com/Malayalivartha