ഹജ് യാത്രാ ചെലവ് ഇത്തവണ കൂടും, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന താമസ സൗകര്യങ്ങള്‍ ചെലവ് ഉയര്‍ത്തുന്നു

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സംവിധാനം മൂലം ഹജ് യാത്രയ്ക്ക് ഇത്തവണ ചെലവു വര്‍ധിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ തമ്മില്‍ നിശ്ചിത അകലം ഉറപ്പാക്കുന്ന രീതിയിലായിരിക്കും താമസം ഏര്‍പ്പെടുത്തുക. ഒരു തീര്‍ഥാടകനു താമസസ്ഥലത്ത് 4 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് അനുവദിക്കാറുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനിന്നാല്‍ ഇത് 9 ചതുരശ്ര മീറ്ററാക്കി ഉയര്‍ത്തും.
നികുതി വര്‍ധന, വീസ ഫീസ്, യാത്രാ നിരക്ക് തുടങ്ങിയവയും ചെലവു കൂട്ടും. ഇത്തവണ ഹജ് യാത്രയ്ക്ക് 3.70 ലക്ഷം രൂപ മുതല്‍ 5.25 ലക്ഷം രൂപ വരെ വരുമെന്നാണു കേന്ദ്ര ഹജ് കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. ഈ വര്‍ധന മുന്‍വര്‍ഷത്തെക്കാള്‍ ഒരു ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ്.
കോവിഡ് പ്രോട്ടോക്കോളിനനുസരിച്ചുള്ള ആനുപാതികം പാലിച്ചു തീര്‍ഥാടകര്‍ക്കു മുറികള്‍ വീതിച്ചു നല്‍കുമ്പോള്‍ താമസത്തിനായി കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തേണ്ടിവരും. മാത്രമല്ല, മക്കയിലും മദീനയിലും മറ്റുമായി യാത്ര ചെയ്യുമ്പോള്‍ ബസ്, ട്രെയിന്‍ എന്നിവയിലും സീറ്റുകള്‍ പരിമിതപ്പെടുത്തും.
45 സീറ്റുള്ള ബസില്‍ 15 തീര്‍ഥാടകരെ മാത്രമേ അനുവദിക്കൂ. തീര്‍ഥാടകരുമായി ബന്ധപ്പെട്ട് സൗദിയിലെ പല കാര്യങ്ങള്‍ക്കും നിലവില്‍ 5 ശതമാനമായിരുന്നു വാറ്റ്. ഇതു 15% ആക്കി സൗദി ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, വീസ ഫീസായി 300 റിയാല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഈയിനത്തില്‍ തുക ഈടാക്കിയിരുന്നില്ല. വിമാന നിരക്കിലും വര്‍ധന ഉണ്ടായേക്കും.
സൗദി ഹജ് മന്ത്രാലയത്തിന്റെ അറിയിപ്പുകള്‍ ലഭിച്ച ശേഷമായിരിക്കും യാത്രാ നിരക്കില്‍ അന്തിമ തീരുമാനമെടുക്കുക. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഹജ് അപേക്ഷയോടൊപ്പമുള്ള മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്ര ഹജ് കമ്മിറ്റി സൂചിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha