പരപ്പന ജയിലില്‍ രണ്ടാഴ്ച... ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് സമയത്ത് ഭാര്യ വീട്ടുകാര്‍ ഇഡിയോട് കാട്ടിയ ചെയ്ത്തിന് ഫലം അനുഭവിച്ച് തുടങ്ങി; ആ ഒരൊറ്റ കാരണത്താല്‍ ജാമ്യം നിഷേധിച്ചു; ബിനീഷ് 14 ദിവസം പരപ്പന അഗ്രഹാര ജയിലില്‍ കഴിയും; അനികുട്ടനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഭാര്യ വീട്ടുകാര്‍ ബിനീഷിനെ നല്ലപിള്ളയാക്കാന്‍ നോക്കി ബിനീഷിനെ കുടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. കോടതി വാറണ്ടുമായെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ നാണം കെടുത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ പിടിയിലാണ് മരുമോനെന്ന് പാവങ്ങള്‍ ചിന്തിച്ചില്ലേ എന്തോ. സംസ്ഥാന പോലീസിനേയും ബാലാവകാശ കമ്മീഷനേയും ഇടപെടുവിച്ച് അധികാരം കാട്ടി ഇഡിയെ വിരട്ടാനാണ് നോക്കിയത്. എന്നാല്‍ ഇഡി വിരണ്ടില്ലെന്ന് മാത്രമല്ല ഗേറ്റിനുള്ളിലേക്ക് പോലും ആരെയും കടത്തിയില്ല. അവസാനം കേസെടുത്ത പോലീസിനും ബാലാവകാശ കമ്മീഷനും കേസ് പിന്‍വലിക്കേണ്ട സാഹചര്യവുമുണ്ടായി.
എല്ലാം കഴിഞ്ഞപ്പോള്‍ ചാനലുകളായ ചാനലുകളില്‍ കയറിയിരുന്ന് ഇഡി റെയ്ഡ് നടത്തുകയല്ലായിരുന്നുവെന്ന് ഭാര്യയും അമ്മായിയമ്മയും പറഞ്ഞു. വൈകുന്നേരം റെയ്ഡ് തീര്‍ന്നെങ്കിലും പുട്ടടിച്ച് ഇരിക്കുകയാണെന്നാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇഡി കോടതിയില്‍ റെയ്ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഭാര്യ വീട്ടുകാര്‍ ഞെട്ടുകയായിരുന്നു. ഇവരുടെ സ്വാധീനം കാരണം ജാമ്യം നല്‍കരുതെന്നാണ് ഇഡി വാദിച്ചത്. അവസാനം അതംഗീകരിച്ച് ബിനീഷിനെ ജയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബംഗളൂരു അഡി. സിറ്റി സെഷന്‍സ് കോടതി 25 വരെ റിമാന്‍ഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അതേസമയം, ലഹരിക്കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ ഇന്നലെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.
ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഇ.ഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 3 തവണയായി 14 ദിവസം കസ്റ്റഡിയിലായിരുന്നു.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11.30ന് ബിനീഷിനെ കോടതിയില്‍ ഹാജരാക്കി.
കോടതി ചേര്‍ന്നയുടന്‍ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൂടുതല്‍ തെളിവുകള്‍ നിരത്തി. ബിനീഷിന് സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബര്‍ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങളെന്നും ഇ.ഡി അറിയിച്ചു. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാം. ഭാര്യ വീട്ടുകാരുടെ ചെയ്തിന് കൊടുക്കേണ്ട വില മനസിലായില്ലേ.
കോടതി കേസുമായി ബന്ധമില്ലാത്തവര്‍ കേസ് വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുന്നെന്നും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകന്‍ വാദിച്ചു. കോടതി നടപടികള്‍ക്ക് ഇന്‍ കാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം അനിക്കുട്ടന് മേലും കുരുക്ക് മുറുകുകയാണ്. ബിനീഷിന്റെ ഡ്രൈവറാണ് അനിക്കുട്ടന്‍. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനികുട്ടനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അനി ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ബിനീഷ് നല്‍കിയിട്ടില്ല. അനിയെ ഉപയോഗിച്ച് ബിനീഷ് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് സംശയിക്കുന്നത്. റെയ്ഡുകളില്‍ ഇതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ബിനീഷിന് ജാമ്യം നല്‍കിയാല്‍ രാജ്യം വിടാനിടയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം വിപുലീകരിക്കണം. ബിനീഷിന്റെ വീട്ടില്‍ നിന്ന് പിടിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. അനിക്കുട്ടനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha