വോട്ട് അഭ്യര്‍ത്ഥിച്ചു മടങ്ങുന്നതിനിടെ മുറിച്ചുകൊണ്ടിരുന്ന മരം വീണ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം... ഇലക്ഷന്‍ പ്രചാരണം സജീവമാകുന്നതിനിടെയുണ്ടായ ഗിരിജയുടെ മരണത്തില്‍ ഞെട്ടി ഉച്ചക്കട ഗ്രാമം

വോട്ട് അഭ്യര്‍ത്ഥിച്ചു മടങ്ങുന്നതിനിടെ മുറിച്ചുകൊണ്ടിരുന്ന മരം വീണ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം. കാരോട് ഗ്രാമ പഞ്ചായത്ത് പുതിയ ഉച്ചക്കട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണുമായ കെ.ഗിരിജാകുമാരി (42) ആണ് മരിച്ചത്. ഉച്ചക്കട വലിയവിള ബേഥേല്‍ നിവാസില്‍ ബിനു വി.നാഥിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു നാടിനെ വേദനയിലാഴ്ത്തിയ അപകടം.
രാവിലെ ഭര്‍ത്താവിനൊപ്പം വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായി വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കാരക്കവിള പുല്ലുവറ്റിയിലെ ജപമണിയുടെ വീട്ടില്‍ എത്തി മടങ്ങവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജപമണിയുടെ പുരയിടത്തിലുള്ള പെരുമരം വീട്ടുകാര്‍ ചേര്‍ന്ന് മുറിക്കവേ മറ്റൊരു മരത്തില്‍ തട്ടി ഗതിമാറി ഗിരിജാകുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു.
ശിഖരങ്ങള്‍ മുറിച്ചശേഷം തായ്ത്തടി മുഴുവനോടെ മുറിച്ചിടാനായിരുന്നു ശ്രമം. മുന്നില്‍ പോകുകയായിരുന്ന ഭര്‍ത്താവ് ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ മരത്തിനടില്‍ പെട്ട് കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. മരം മുറിക്കാന്‍ നിന്നവരും നാട്ടുകാരും ഓടിയെത്തി ഗിരിജാകുമാരിയെ മരത്തിനടിയില്‍ നിന്നു മാറ്റി പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിലെ ഗുരുതരമായ പരിക്കാണ് മരണകാരണമായത്.
തലപൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു. ഒരു കാലിനും പൊട്ടല്‍ ഉണ്ടായിരുന്നു.മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാഫലം ലഭിച്ചശേഷം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha