നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നു തുടങ്ങുമെന്നതിനാല്‍ സംവരണ പ്രശ്‌നത്തില്‍ ഇനി ഇടപെടില്ലെന്ന് ഹൈക്കോടതി

ചില വാര്‍ഡുകള്‍ തുടര്‍ച്ചയായി 3 തവണ സംവരണമാക്കിയതിനെതിരെ നല്‍കിയ 87 ഹര്‍ജികള്‍ കോടതി തള്ളി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നു തുടങ്ങുമെന്നതിനാല്‍, തുടര്‍ച്ചയായി മൂന്നാംവട്ടവും ചില വാര്‍ഡുകള്‍ സംവരണമാക്കിയ പ്രശ്‌നത്തില്‍ ഇനി ഇടപെടുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സമാന ഹര്‍ജികള്‍ നേരത്തേ അനുവദിച്ചെങ്കിലും ഇനി ഇടപെട്ടാല്‍ തിരഞ്ഞെടുപ്പു മാറ്റേണ്ടി വരുമെന്നതിനാല്‍ അതു ചെയ്യുന്നില്ലെന്നു കോടതി പറഞ്ഞു. അതേസമയം മുന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ തെറ്റ് തിരുത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷനു കഴിയുമായിരുന്നുവെന്നു കോടതി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തില്‍ കോടതി ഇടപെടല്‍ പാടില്ലെന്ന സുപ്രീംകോടതി വിധികള്‍ മാനിക്കുന്നു. റിട്ടധികാരത്തില്‍ ഇടപെടുന്നതില്‍ നിന്നു സംയമനം പാലിക്കുകയാണെന്നും ജസ്റ്റിസ് പി. ബി. സുരേഷ്‌കുമാര്‍ വ്യക്തമാക്കി. ഓരോ ഹര്‍ജിയും പ്രത്യേകം പരിഗണിച്ചു തീരുമാനമെടുക്കുക പ്രായോഗികമല്ല.
വാര്‍ഡുകള്‍ തുടര്‍ച്ചയായി രണ്ടിലേറെ തവണ സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന മുന്‍ഉത്തരവ് ഉള്ളപ്പോള്‍ കമ്മിഷന്‍ വിവേകപൂര്‍വം എല്ലായിടത്തും പുനഃക്രമീകരണം നടത്തുമെന്നാണ് പ്രതീക്ഷിച്ചതെന്ന് കോടതി പറഞ്ഞു. പകരം, സമാന ഹര്‍ജികള്‍ കോടതിയിലുള്ളപ്പോള്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഹര്‍ജികളെ എതിര്‍ക്കുകയും ചെയ്തു. അതിന്റെ ശരിതെറ്റിലേക്കു കടക്കുന്നില്ല.
ഒരേ വാര്‍ഡില്‍ തുടര്‍ച്ചയായി സംവരണം വരുന്നതിന്റെ പ്രശ്‌നം ഹൈക്കോടതിയില്‍ ഉന്നയിച്ച ഒരുകൂട്ടം കക്ഷികള്‍ക്കു പ്രയോജനമുണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാവി നടപടികള്‍ക്കുള്ള മാര്‍ഗരേഖയാണ് വിധി. ഈ നിയമപ്രശ്‌നം തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്ക് കളമൊരുക്കുമോ എന്നു കാത്തിരുന്നു കാണണം.
തിരഞ്ഞെടുപ്പിലെ ക്രമക്കേട് ഉള്‍പ്പെടെ ഒരു കൂട്ടം കാരണങ്ങള്‍ പറഞ്ഞാണു സാധാരണ തിരഞ്ഞെടുപ്പു ഹര്‍ജികള്‍ നല്‍കാറുള്ളത്. തിരഞ്ഞെടുപ്പു ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നതിനാല്‍ പരാതി പരിഹരിക്കപ്പെടാതെ പോകുമെന്നു ചിലര്‍ കോടതിയില്‍ ആശങ്കപ്പെട്ടിരുന്നു. ഇവിടെ തിരഞ്ഞെടുപ്പു നടത്തിപ്പ് ഭരണഘടനാനുസൃതമല്ലെന്നും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും മറ്റുമുള്ള വാദങ്ങള്‍ ഉന്നയിക്കേണ്ടി വരും.
https://www.facebook.com/Malayalivartha