ഓര്‍ത്തോര്‍ത്ത് വയ്യ... പ്രതിപക്ഷ നേതാക്കളുടെ ആദരവ് പിടിച്ചു പറ്റിയ പയ്യന് എന്ത് പറ്റിയെന്നോര്‍ത്ത് ബിനീഷിനെ അറിയുന്നവര്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ അടി പതറുമ്പോള്‍ ബിനീഷിന് വീണ്ടും കുരുക്ക്; ബിനാമി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്ക് ഇഡി നോട്ടിസ്

ബിനീഷ് കോടിയേരി കേസിലകപ്പെട്ട് അകത്തായതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ ലീവ് പല പ്രതിപക്ഷ നേതാക്കളേയും രഹസ്യമായിട്ടെങ്കിലും അമ്പരപ്പിച്ചിട്ടുണ്ട്. പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും ബിനീഷ് കോടിയേരി പലര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വിവിധ കക്ഷികളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍, സിനിമ, ക്രിക്കറ്റ് തുടങ്ങി ബിനീഷിന്റെ സൗഹൃദവലയം വളരെ വലുതായിരുന്നു. വിമര്‍ശിക്കുമ്പോഴും നിരനിരയായി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളെപ്പോലും 'അങ്കിളേ' വിളികൊണ്ട് അടുപ്പിച്ചു നിര്‍ത്തിയിരുന്നു.
മക്കള്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുമ്പോഴും അതെല്ലാം ഒതുക്കി നിര്‍ത്താനും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി ഉയരാനും കോടിയേരി എന്നും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ എല്ലാ അടവുകളും പിഴയ്ക്കുകയായിരുന്നു. അവസാന നിമിഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.
2006ലെ വി എസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായും, പിന്നീട് സി പി എം സംസ്ഥാന സെക്രട്ടറിയായും സംഘാടക മികവ് കാട്ടിയ കോടിയേരിയെ പൊതുസമൂഹത്തിന് മുന്നില്‍ തല കുനിപ്പിച്ച് നിറുത്തിയത് മക്കളുടെ ചെയ്തികളെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിലൊരാളായിരുന്നു അദ്ദഹേം. എന്നാല്‍ കുടുംബത്തെയും മക്കളെയും നിലയ്ക്കു നിറുത്താനാവാത്ത ഒരാളെങ്ങനെ പാര്‍ട്ടിയെയും സമൂഹത്തെയും നന്നാക്കുമെന്ന അടക്കം പറച്ചിലുകള്‍ സി പി എമ്മില്‍ ഇപ്പോള്‍ ശക്തമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ കോടിയേരിയെ തളര്‍ത്തിയത് മക്കള്‍ വിവാദങ്ങളായിരുന്നു. 2018ലാണ് മൂത്തമകന്‍ ബിനോയിക്കെതിരെ ദുബായില്‍ സാമ്പത്തികത്തട്ടിപ്പ് കേസുണ്ടായത്. ആഡംബര കാര്‍ വാങ്ങാന്‍ 53.61 ലക്ഷവും മറ്റ് വ്യാപാരാവശ്യങ്ങള്‍ക്ക് 7.7കോടിയും ബിനോയിക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്ന് കാട്ടിയായിരുന്നു പരാതി. 2016 ജൂണ്‍ ഒന്നിന് മുമ്പ് പണം തിരിച്ചുനല്‍കുമെന്ന ഉറപ്പ് തെറ്റിച്ചെന്ന് ദുബായിലെ ജാസ് കമ്പനി പരാതിപ്പെട്ടു. കമ്പനിയുടമ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സുഖി കേരളത്തിലെത്തി. ബിനോയിക്ക് ദുബായില്‍ നിന്ന് പുറത്തേക്ക് യാത്രാവിലക്കുണ്ടായി. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു.
2019ല്‍ ബിനോയ് വീണ്ടും കോടിയേരിക്ക് തലവേദന സൃഷ്ടിച്ചത് സ്ത്രീവിഷയത്തിലൂടെ. പീഡനപരാതിയുമായി രംഗത്തെത്തിയത് ബീഹാര്‍ സ്വദേശിനി. ബന്ധത്തിലൊരു മകനുണ്ടെന്നും ബിനോയ് ചെലവിന് നല്‍കുന്നില്ലെന്നുമായിരുന്നു മുംബയ് പൊലീസിന് ലഭിച്ച പരാതി. ബിനോയിയുമൊത്തുള്ള ചിത്രങ്ങള്‍ യുവതി പുറത്തുവിട്ടു. ആരോപണം ബിനോയ് നിഷേധിച്ചെങ്കിലും കേസ് ഡി.എന്‍.എ പരിശോധനയ്ക്ക് വിട്ടു. ബിനോയിക്കെതിരെ രണ്ടാമത്തെ കേസുണ്ടായപ്പോള്‍ ആരോഗ്യപരമായും കോടിയേരി ക്ഷീണിതനായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിയാന്‍ അന്നദ്ദേഹം സന്നദ്ധനായപ്പോള്‍ പിടിച്ചുനിറുത്തിയത് പാര്‍ട്ടി.
വിവാദങ്ങളുടെ തോഴനാണ് രണ്ടാമത്തെ മകന്‍ ബിനീഷ്. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ കോടിയേരിക്കും പാര്‍ട്ടിക്കും പേരുദോഷമുണ്ടാക്കരുതെന്ന കര്‍ശന താക്കീത് ബിനീഷിന് മുഖ്യമന്ത്രി നല്‍കിയതായി പ്രചാരണമുണ്ടായി. പക്ഷേ വിവാദം തുടര്‍ന്നു. ഏറ്റവുമൊടുവില്‍, ബിനീഷിന്റെ അറസ്റ്റ് കോടിയേരിയെ വല്ലാതെ പ്രതിരോധത്തിലാക്കി. കടുത്ത പ്രമേഹരോഗിയായ കോടിയേരിയെ അതിനിടയില്‍ അര്‍ബുദം ശാരീരികമായി തളര്‍ത്തി. എന്നിട്ടും തളരാതെ പിടിച്ചുനിന്നത് പാര്‍ട്ടി സമരമുഖത്തെ പോരാട്ടത്തിന്റെ കരുത്തില്‍. അതിനേയും തോല്‍പ്പിക്കുന്ന പൊളളലാണ് ഇപ്പോള്‍ മക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
അതേസമയം ബീനീഷ് കോടിയേരിയുമായി ബിനാമി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന നാല് സുഹൃത്തുക്കള്‍ക്ക് ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം നോട്ടീസ് നല്‍കി. തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, ബിനീഷിന്റെ സുഹൃത്ത് അരുണ്‍, ബിനീഷിന്റെ െ്രെഡവര്‍ അനിക്കുട്ടന്‍ എന്നിവര്‍ക്കാണ് നോട്ടീസ്. ചോദ്യംചെയ്യലിന് 18ന് ബംഗളൂരു ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇവരുടെ മൊഴികളും ഇനിയുള്ള ദിവസങ്ങളും ബിനീഷിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha