ഓരോന്ന് വരുന്ന വഴി... കിഫ്ബിക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ടിനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയതെന്തിന്?

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് കിഫ്ബിയുടെ കീഴിലുള്ള കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ നല്‍കി സിപിഎം നേതാക്കള്‍ നടത്തുന്ന ബിനാമി അഴിമതി ഇ ഡി കണ്ടുപിടുക്കുമെന്ന പേടിയാണ് ഐസക്കിന്റെ ഉറഞ്ഞുതുള്ളലിന് കാരണം.
കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു.
കിഫ്ബി ഓഡിറ്റില്‍ സിഎജി തയാറാക്കിയ കരട് റിപ്പോര്‍ട്ടിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് തോമസ് ഐസക് രംഗത്തെത്തിയത്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ട് പരാമര്‍ശം അട്ടിമറിയാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നേരിടുന്നതിന് സമാനമായി സിഎജി നീക്കത്തെയും പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.
എന്നാല്‍ ഐസക് പറഞ്ഞ സി എജി റിപ്പോര്‍ട്ട് ഇതുവരെ നിയമസഭയില്‍ സമര്‍പ്പിച്ചിട്ടില്ല. നിയമസഭയില്‍ സമര്‍പ്പിക്കാത്ത റിപ്പോര്‍ട്ടുകളെ കുറിച്ച് പരസ്യമായി പ്രതികരിക്കരുതെന്നാണ് ചട്ടം.
കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളുള്ള സിഎജിയുടെ ഓഡിറ്റ് കരട് റിപ്പോര്‍ട്ട് നിയമസഭയ്ക്കും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കും മുന്നില്‍ എത്തുന്നതിനും മുന്നേ കടന്നാക്രമിച്ചാണ് പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം. കിഫ്ബി വായ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള കണ്ടെത്തലുകള്‍ ഓഡിറ്റ് വേളയില്‍ ഒരിക്കല്‍പ്പോലും ഉന്നയിക്കപ്പെടാത്തതാണെന്നും റിപ്പോര്‍ട്ടില്‍ ഇവ ഇടംപിടിച്ചത് ഗൂഢാലോചനയാണെന്നുമാണ് സര്‍ക്കാര്‍ വാദം. സ്വര്‍ണ്ണക്കടത്തും മയക്കുമരുന്ന് കടത്തും പോലെ കേരളം ഞെട്ടാന്‍ പോകുന്ന അഴിമതിയാണ് കിഫ്ബിയുടേത് എന്നാണ് പ്രതിപക്ഷം പറയുന്നത്.
ബിജെപി നേതാവിന് വേണ്ടി ഹാജരായത് കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടനാണെന്നും, തൃശൂരില്‍ വെച്ച് കൂടിയാലോചന നടത്തിയവരെക്കുറിച്ചറിയാം എന്നും തുറന്നടിച്ചാണ് പ്രതിരോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ മാത്യു കുഴല്‍നാടന്‍ ഇക്കാര്യം നിഷേധിച്ചു.
കിഫ്ബി സര്‍ക്കാരല്ല, കോര്‍പ്പറേറ്റ് ബോഡിയാണെന്നും, അതികൊണ്ട് വായ്പയുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ബാധകമല്ല എന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ലൈഫ്, കെഫോണ്‍ അടക്കമുള്ള പദ്ധതികളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധത്തിന് സമാനമായി കിഫ്ബിക്കതിരായ സിഎജി നീക്കത്തെയും പ്രതിരോധിക്കാനാണ് ഒരുങ്ങുന്നത്.
അതേ സമയം കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അഴിമതി മൂടിവെക്കാന്‍ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററില്‍ പോയി പറഞ്ഞാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.
ധനമന്ത്രി ഏത് റിപ്പോര്‍ട്ടിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കണം. അടുത്ത കാലത്ത് ഒരു റിപ്പോര്‍ട്ടും നിയമസഭയില്‍ വച്ചിട്ടില്ല. ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയത്. രാജ്യത്തെ നിയമം ബാധകമല്ല എന്ന രീതിയില്‍ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നു. നിയമസഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് ഇങ്ങനെ പുറത്തു വിടാന്‍ പറ്റില്ല. റിപ്പോര്‍ട്ട് ചോര്‍ത്തി വാര്‍ത്ത സമ്മേളനം നടത്തി. രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ടിന്റെ കരട് പുറത്തു വിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പോലീസിനെതിരായ റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് പറഞ്ഞ്, ചന്ദ്രഹാസം ഇളക്കിയവരാണ് ഇപ്പോള്‍ ഇത് ചെയ്തിരിക്കുന്നത്. കിഫ്ബിയില്‍ നടന്ന കൊള്ളകള്‍ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രിക്ക് ഹാലിളകിയത്. ഇതൊരു മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. കിഫ്ബിയിലെ അഴിമതി പുറത്തു വന്നതിലെ ജാള്യത കൊണ്ടാണത്. ഈ സര്‍ക്കാരിന് ഓഡിറ്റിനെ ഭയമാണ്. കിഫ്ബിയിലേക്കുള്ള വരവും ചെലവും മന്ത്രിസഭയും സര്‍ക്കാരും അറിയില്ല. സിഎജി ഓഫീസുമായി കഴിഞ്ഞ നാല് വര്‍ഷം ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രനും അതിശക്തമായാണ് രംഗത്തെത്തിയത്. കേരളം ഐസക്കിന്റെ തറവാട്ട് സ്വത്തല്ലെന്ന് അദ്ദേഹം കടത്തി പറഞ്ഞു.
ഏതായാലും സി എ ജിയുടെ പേരില്‍ ഐസക്കും അദ്ദേഹത്തിന്റെ പരിവാരങ്ങളും വരും ദിവസങ്ങളിലും ഉറഞ്ഞുതുള്ളല്‍ തുടരും. ഇല്ലെങ്കില്‍ ശിവശങ്കറിന്റെ അവസ്ഥ തങ്ങള്‍ക്കും വരുമെന്ന് അദ്ദേഹത്തിനറിയാം.
"
https://www.facebook.com/Malayalivartha