അന്വേഷണവുമായി സ്വപ്ന പൂര്‍ണമായും സഹകരിക്കുന്നു... സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ കരുതല്‍ തടവ് കാലാവധി വെട്ടിച്ചുരുക്കിയേക്കും...

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ കരുതല്‍ത്തടവ് കാലാവധി വെട്ടിച്ചുരുക്കിയേക്കും. സ്വപ്നയേയും ഒന്നാംപ്രതി പി.എസ്. സരിത്തിനെയും കരുതല്‍ത്തടവിലാക്കാന്‍ കോഫെപോസ സമിതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്വേഷണവുമായി സ്വപ്ന പൂര്‍ണമായും സഹകരിക്കുന്നതു പരിഗണിച്ചാണ് ഇളവ് ആലോചിക്കുന്നത്. കസ്റ്റംസിന്റെ കോഫെപോസ അപേക്ഷ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ഉപദേശകസമിതി അംഗീകരിച്ചതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ അടുത്തയാഴ്ച വാദംകേട്ട് തീര്‍പ്പാക്കാനിരിക്കുകയാണ്.
കോഫെപോസ ചുമത്തിയതിന്റെ സാധുതയാകും സമിതി പരിശോധിക്കുക. സാങ്കേതികമായും നിയമപരമായും സ്വപ്നയ്ക്ക് അനുകൂലഘടകങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. ജയിലില്‍ സുരക്ഷയില്ലെന്നാരോപിച്ച് സ്വപ്ന കോടതിയെ സമീപിച്ചതും ഇതിന്റെ ഭാഗമാണെന്നാണു സൂചന. ജയില്‍ മാറ്റണമെന്നാണ് ആവശ്യം.
കോഫെപോസ തടവുകാരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണു പാര്‍പ്പിക്കുന്നത്. കേസില്‍ മാപ്പുസാക്ഷിയാക്കുമെന്നും കോഫെപോസ കാലാവധി വെട്ടിച്ചുരുക്കുമെന്നുമാണു സ്വപ്നയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ കസ്റ്റംസിന്റെ അന്വേഷണവുമായി നന്നായി സഹകരിക്കുന്നുണ്ട്.
സി.ആര്‍.പി.സി. 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ സ്വപ്ന സുപ്രധാന വെളിപ്പെടുത്തലാണു നടത്തിയതെന്നാണു സൂചന. സ്വര്‍ണക്കടത്തില്‍ എം. ശിവശങ്കര്‍ ഉള്‍പ്പെടെ പ്രമുഖരുടെ പങ്ക് വ്യക്തമാക്കിയതോടെയാണു മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചത്. ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി ലഭിച്ചതോടെയാണു കോഫെപോസയില്‍ ഇളവ് പരിഗണിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 10-ന് കോഫെപോസ ചുമത്തിയശേഷമാണു സ്വപ്ന സുപ്രധാനവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായത്. സ്ഥിരം സാമ്പത്തികക്കുറ്റവാളികള്‍ക്കെതിരേയാണു കോഫെപോസ ചുമത്തുന്നത്. സ്വപ്ന സ്ഥിരം കുറ്റവാളിയല്ലെന്ന വാദവും ഇളവിനായി പരിഗണിക്കുന്നു.
"
https://www.facebook.com/Malayalivartha