കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

നിരപരാധികളായ സാധാരണക്കാരായ മനുഷ്യരാണ് പൊലീസ് സ്‌റ്റേഷനുകളില്‍ പീഡിപ്പിക്കപ്പെടുന്നത്. കുന്നംകുളം കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് വി ഡി സതീശന്‍. അവരെ പുറത്താക്കുന്നതു വരെ എം.എല്‍.എമാരായ സനീഷ് കുമാറും എ.കെ.എം അഷറഫും അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കുമെന്നും മുഖ്യമന്ത്രിയുടെ നീണ്ടു നില്‍ക്കുന്ന പ്രഭാഷണമല്ല വേണ്ടത്, നടപടിയാണ് വേണ്ടതെന്നും പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍ രോഗിയാണെന്ന് കരഞ്ഞുപറഞ്ഞയാളുടെ കാലില്‍ ചൂരല്‍ പ്രയോഗം നടത്തി. അടൂരില്‍ ഡി.വൈ.എഫ്.ഐയുടെ മേഖലാ സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കി പൊലീസുകാര്‍ തല്ലിക്കൊന്നു. അങ്ങനെയുള്ള പൊലീസിനെയാണ് ഇടതുപക്ഷം ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാവങ്ങളെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുമ്പോഴാണ് ടി.പി കൊലക്കേസ് പ്രതികളെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടു പോയി മദ്യം വാങ്ങിക്കൊടുക്കുന്നത്. ക്രിമിനലുകളെയും കൊലപാതകികളെയും സംരക്ഷിക്കുന്ന പൊലീസ് പാവങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്.കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ഡി.വൈ.എഫ്.ഐക്കാരനെ പൊലീസ് തല്ലിക്കൊന്ന കേസിലും മുഖ്യമന്ത്രിക്ക് പരാതി കിട്ടി.
എന്നിട്ടും ഡി.വൈ.എഫ്.ഐക്കാരനെ തല്ലിക്കൊന്ന കേസില്‍ നടപടി എടുക്കാത്ത മുഖ്യമന്ത്രി യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച കേസില്‍ നടപടിയെടുക്കുന്നു. ലോക്കല്‍ സെക്രട്ടറിയുടെ കരണത്ത് അടിച്ചിട്ടു പോലും നടപടി എടുത്തിട്ടില്ല. ഇതൊന്നും ഇന്റലിജന്‍സ് സംവിധാനം മുഖ്യമന്ത്രിയെ അറിയിക്കുന്നില്ലെങ്കില്‍ ആ ഇന്റലിജന്‍സ് സംവിധാനം പിരിച്ചു വിടണം. അല്ലെങ്കില്‍ ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് നടപടി എടുക്കാതിരിക്കുന്നതെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയുടെ ചുമതല ഒഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha