ബൈ പറയുന്നതിന് മുമ്പ്... റിട്ടേര്‍ഡ് ആകുന്നതിന് മുമ്പ് പരമാവധി നല്ലകാര്യങ്ങള്‍ ചെയ്യാനുറച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്; തടവുകാരുടെ ആത്മഹത്യകളും മാനസിക സംഘര്‍ഷങ്ങളും കുറയ്ക്കാനായി വേറിട്ട രീതിയുമായി ഋഷിരാജ് സിംഗ്; ജയിലുകളില്‍ ഇനി പകല്‍മുഴുവന്‍ പാട്ട് കേള്‍ക്കാനും പരിധിയില്ലാതെ ഫോണ്‍വിളിക്കാനും സാധിക്കും

മലയാളികളെ പലപ്പോഴും അമ്പരപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ജയില്‍ ഡിജിപി കൂടിയായ ഋഷിരാജ് സിംഗ്. കള്ളന്‍മാരേയും അഴിമതിക്കാരേയും കയ്യോടെ പിടികൂടുന്ന അദ്ദേഹത്തിന്റെ മികവാണ് സിങ്കമെന്ന പേര് മലയാളികള്‍ അദ്ദേഹത്തിന് ചാര്‍ത്തിയത്. പലപ്പോഴും ഭരണാധികാരികള്‍ പോലും ഋഷിരാജ് സിംഗിനെ മൂലയ്ക്ക് ഒതുക്കാനാണ് ശ്രമിക്കുന്നത്. അല്ലെങ്കില്‍ എന്നേ അദ്ദേഹത്തിന് പോലീസ് മേധാവിയാകാന്‍ കഴിയുമായിരുന്നു. ജയില്‍ ഡിജിപിയായ ശേഷവും വിവാദങ്ങളേറെയുണ്ടായി. ജയിലുകളില്‍ വേണ്ടപ്പെട്ടവര്‍ക്ക് കിട്ടിയ സൗകര്യങ്ങള്‍ കൈയ്യോടെ പിടികൂടി. അടുത്തിടെ കരുതല്‍ തടങ്കല്‍ പ്രതിയെ മര്‍ദിച്ച് കൊന്ന കേസില്‍ തൃശൂരില്‍ പാഞ്ഞെത്തിയാണ് ഋഷിരാജ് സിംഗ് അന്വേഷിച്ചത്. മാത്രമല്ല സ്വപ്ന സുരേഷിന്റെ ഓഡിയോയും രഹസ്യ മൊഴിയും വന്ന ശേഷം ആരും പറയാതെ തന്നെ 24 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടുണ്ടാക്കി.
ഇനി ഋഷിരാജ് സിംഗിന് സര്‍വീസില്‍ വളരെ കുറച്ച് കാലമാണ് ഉള്ളത്. ഈ ജൂലൈയില്‍ വിരമിക്കും. അതിന് മുമ്പ് പരമാവധി നല്ല കാര്യങ്ങള്‍ ചെയ്യാനൊരുങ്ങുകയാണ് മലയാളികളുടെ സിങ്കം. ജയിലിലെ തടവുകാരുടെ മാനസികാവസ്ഥ നമ്മള്‍ ഊഹിക്കുന്നതിനും അപ്പുറത്താണ്. ആരും കുറ്റവാളികളാകണമെന്ന് ആഗ്രഹിക്കുന്നില്ലല്ലോ. സ്ഥിരം ക്രിമിനലുകളൊഴികെ പലരും സാഹചര്യത്താല്‍ കേസില്‍ പെട്ടുപോകുന്നതാണ്. അവസാനം നാടിനും വീടിനും ശാപമായി എങ്ങനേയും ജീവനൊടുക്കാനുള്ള ശ്രമത്തിലാകും പലരും. എത്ര ആത്മഹത്യകളാ ജയിലില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു അന്ത്യമുണ്ടാക്കാന്‍ മനുഷ്യത്വപരമായി ശ്രമിക്കുകയാണ് നമ്മളുടെ സ്വന്തം ഋഷിരാജ് സിംഗ്.
ജയിലുകളില്‍ ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേള്‍പ്പിക്കണമെന്നാണ് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. തടവുകാരുടെ ആത്മഹത്യ തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസം തോന്നുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ മാസികകള്‍ വാങ്ങി വിതരണം ചെയ്യണം.വ്യായാമം നിര്‍ബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് എണ്ണം നോക്കാതെ വിളിക്കുന്നതിന് അനുവദിക്കും. വിമുഖതകാട്ടുന്നവരെ ഫോണ്‍വിളിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നു.
ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസ് നടത്തും. ഇതിനായി സന്നദ്ധസംഘടനകളുമായി ആലോചിച്ച് പാനല്‍ ഉണ്ടാക്കണം. തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കണം. ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ജയിലുകളിലെ ആത്മഹത്യശ്രമത്തെ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജയിലിലെ പൊതുധാരയില്‍ അംഗമാകാനും പിന്നീട് സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാനാകുംവിധം തടവുകാര്‍ക്ക് തുടര്‍ച്ചയായി മാനസികാരോഗ്യ പരിപാലനം നല്‍കണമെന്നതായിരുന്നു പ്രധാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് മാനസികപിന്തുണയും ആശ്വാസവും പകരുന്ന ബന്ധം വളര്‍ത്തിയെടുക്കാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ തടവുകാര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, കഴിവുതെളിയിക്കുന്ന പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. മാനസികാരോഗ്യചികിത്സ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കണം.
ദീര്‍ഘകാല ശിക്ഷയുടെ ആഘാതം, പരോള്‍ നിഷേധിക്കപ്പെട്ടത്, ഏകാന്തതടവ്, രോഗാവസ്ഥ, മാനസികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. പുറത്തുള്ളവരുടെ കത്തുകളോ സന്ദര്‍ശനമോ ഇല്ലാത്തതും മാനസികപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനെല്ലാം തടയിടാനാണ് ഋഷിരാജ് സിംഗ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha