വാളയാർ ദുരന്തമുഖത്ത് അടക്ക രാജുവിന്റെ സാന്നിധ്യം; വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി കുടുംബവുമായെത്തി

അഭയകേസിൽ മലയാളികളെ ഞെട്ടിച്ച അടയ്ക്കാ രാജു ഇപ്പോൾ വീണ്ടും ഒരു മാസ്സ് എൻട്രി നടത്തിയിരിക്കുകയാണ്.അഭയാ കേസിൽ അടയ്ക്കാ രാജു കാണിച്ച ധൈര്യവും താൻ കണ്ട കാഴ്ച യിൽ ഉറച്ചു നിന്നതും ഒക്കെ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു,രാജു എന്ന വ്യക്തി കൊണ്ട് മാത്രമാണ് അഭയയ്ക്ക് നീതി കിട്ടിയത്. ഇപ്പോളിതാ വാളയാർ ദുരന്തമുഖത്ത് അടക്ക രാജു തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി അടയ്ക്കാ രാജുവും കുടുംബവുമെത്തി. പെൺകുട്ടികളുടെ അമ്മയുമായി സംസാരിക്കുകയും ചെയ്തു
വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പൂർണപിന്തുണയാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. അഭയകേസിൽ കൂറുമാറാതെ ഉറച്ചുനിന്ന സാക്ഷി രാജുവും കുടുംബവും ചൊവ്വാഴ്ചഅമ്മയ്ക്കരികിൽ എത്തിയായിരുന്നു പിന്തുണ അറിയിച്ചത്.
ദുരൂഹസാഹചര്യത്തിൽ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓർമദിനമായ ബുധനാഴ്ച അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തളരാതെ പോരാടണം.സത്യമേ ജയിക്കൂ. അതിന്റെ തെളിവാണ് ഞാൻ. എല്ലാ പിന്തുണയുമുണ്ട്’-എന്ന് രാജു പറഞ്ഞു.കൊടിയ പീഡനമേറ്റിട്ടും മൊഴി മാറ്റാതെ ഉറച്ചു നിന്ന രാജു, അഭയകേസ് വിധി വന്നപ്പോൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമ്മയോടൊപ്പം കുട്ടികളുടെ അച്ഛൻ, കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണി തുടങ്ങിയവരും ഉപവാസത്തിൽ പങ്കെടുക്കും. വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്യും.
വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. മരിച്ച പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചത്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു . ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിർദേശം സമർപ്പിക്കും. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha