വീണ്ടും ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യ ഭീഷണി; സെക്രട്ടേറിയറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികൾ

സെക്രട്ടേറിയറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ഉദ്യോഗാര്‍ഥികളെ പോലിസ് ബലം പ്രയോഗിച്ച് താഴെ ഇറക്കി. സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളാണ് ആത്മഹത്യ ഭീഷണി ഉയര്‍ത്തിയത്. സെക്രട്ടേറിയറ്റ് പരിസരത്ത് സമരക്കാരില്‍ നിന്ന് അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തില്‍ രാവിലെ മുതല്‍ തന്നെ ശക്തമായ പോലിസ് സാന്നിധ്യമുണ്ടായിരുന്നു. ഇവരുടെ കണ്ണ് വെട്ടിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പിലെ കെട്ടിടത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവില്‍ പോലിസ് ഇവരെ ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഇവരെ അറസ്റ്റു ചെയ്യാന്‍ പോലിസ് ശ്രമിക്കവെ, സമരക്കാര്‍ റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി.
യൂനിവേഴ്‌സിറ്റ് കോളജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കടന്നു കൂടിയിരുന്നു. ഈ വിഷയം പുറത്തായതോടെ സിപിഒ ലിസ്റ്റ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ലിസ്റ്റ് മരവിപ്പിച്ചതോടെ കഷ്ടത്തിലായവരാണ് ഇപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha


























