ദേ കിടക്കുന്നു എല്ലാം... മറ്റൊരു തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയം തുറന്ന് പറഞ്ഞ് സിപിഐ നേതാവ് സി. ദിവാകരന്‍; കമ്മ്യൂണിസ്റ്റുകാര്‍ അമ്പലം തകര്‍ക്കുന്നവരാണ് എന്ന പ്രതീതിക്ക് അതു വഴിവച്ചു; രണ്ടു പെണ്‍പിള്ളേരെ അവിടെ കൊണ്ടു കയറ്റേണ്ട ഒരു കാര്യവും ഇല്ലായിരുന്നു

ഒരിടവേളയ്ക്ക് ശേഷം ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്നിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു സ്ഥാനാര്‍ഥി കൂടിയായിരുന്ന ശേഷം സിപിഐ നേതാവ് സി. ദിവാകരന്‍ പറഞ്ഞത് ശബരിമല ജനങ്ങളെ സ്വാധീനിച്ചുവെന്നും തിരുത്തല്‍ വേണമെന്നുമാണ്.
അതേ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവാകരന്‍ വിണ്ടും. ആ അഭിപ്രായം ഇപ്പോഴുമുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത വ്യഗ്രത ആണ് തെറ്റിദ്ധരിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റുകാര്‍ അമ്പലം തകര്‍ക്കുന്നവരാണ് എന്ന പ്രതീതിക്ക് അതു വഴിവച്ചു. സുപ്രീംകോടതിയില്‍ നിന്ന് ഒരു വടി കിട്ടി, അതു വച്ചു ചെയ്യാന്‍ പോകുന്നു എന്ന സ്ഥിതിയുണ്ടായി. രണ്ടു പെണ്‍പിള്ളേരെ അവിടെ കൊണ്ടു കയറ്റേണ്ട ഒരു കാര്യവും ഇല്ലായിരുന്നു.
ഉറങ്ങിക്കിടന്ന ബിജെപിക്കും സംഘപരിവാറിനും അങ്ങോട്ട് കൊണ്ടു കൊടുത്തതാണ്. അങ്ങനെ ഒരുപാട് ബിജെപി നേതാക്കളെ തന്നെ സൃഷ്ടിച്ചു. അക്കാര്യത്തില്‍ ഒരു പുനരാലോചന വേണമെന്നാണ് അന്നും ഇന്നും എന്റെ നിലപാട്. ഇപ്പോള്‍ അതിലേക്കു കാര്യങ്ങള്‍ വന്നല്ലോ. ഭക്തരെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ പാടില്ല.
ഒരു ജനതയുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എല്ലാം പൊടുന്നനെ തകര്‍ക്കാന്‍ നോക്കരുത്. വിശ്വാസവും യുക്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇപ്പോള്‍ ശബരിമല അടഞ്ഞ അധ്യായമാണ്. അവിടം വളരെ ശാന്തമാണ്. ആരെയും കയറ്റാനും ഇറക്കാനും ഒന്നും നോക്കുന്നില്ല. അതു കൊണ്ടു യുഡിഎഫിന്റെ ശ്രമം നടക്കില്ല.
സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നുവരുന്ന ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ രണ്ടു ഭാഗത്തും തെറ്റു പറ്റിയിട്ടുണ്ട്. ഞാന്‍ സമരങ്ങളില്‍ കൂടി വളര്‍ന്നു വന്ന ആളാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരമുഖങ്ങള്‍ എന്നും പ്രിയപ്പെട്ടതാണ്. സമരം സാമൂഹിക ജീവിതത്തിന്റെ പ്രധാനഘടകമാണ്. ജീവിതം തന്നെ ഒരു സമരമല്ലേ. അങ്ങനെ മാത്രമെ സമരത്തെ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും കാണാവൂ.
സമരങ്ങളെ കൈകാര്യം ചെയ്യാം എന്ന ഒരു ധാരണയില്‍ പോകാന്‍ പാടില്ല. സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളും യാഥാര്‍ഥ്യ ബോധം ഉള്ളവരായിരിക്കണം.സര്‍ക്കാരിനു ചെയ്തുകൊടുക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടു കാര്യമില്ല. 'സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച്, അതില്‍ കയറിയാല്‍ മാത്രം പോരാ, ഇറങ്ങാനും കൂടി പഠിക്കണം' എന്ന് ടി.വി.തോമസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ആ തീരുമാനത്തോട് എനിക്ക് യോജിപ്പാണുള്ളത്. പക്ഷേ ആറുമാസം മുന്‍പ് ചെയ്യാമായിരുന്നു. തിരഞ്ഞെടുപ്പ് തൊട്ടു മുന്നില്‍ വന്നു നില്‍ക്കുന്ന സമയത്ത് ഇതു ചെയ്യാന്‍ ആരാണ് ഉപദേശിച്ചത് എന്ന് അറിയില്ല. ഇതു പോലെ ഉള്ള ഒരു വിവാദപരമായ തീരുമാനമെടുക്കാന്‍ പറ്റിയ സമയം ആയിരുന്നില്ല ഇത്.
ഈ പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും എങ്ങനെയാണ് ആ പദവിയില്‍ വന്നത്? എന്തെങ്കിലും പരീക്ഷയോ അഭിമുഖമോ പാസായിട്ട് ആണോ? ഞങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ സൗജന്യത്തില്‍ വന്നവരല്ലേ? നോമിനേറ്റഡ് അല്ലേ അവരെല്ലാം.
മൂന്നു തവണ മത്സരിച്ചവരെ ഇനി മത്സരരംഗത്തു വേണ്ടെന്ന തീരുമാനം വേണമെന്നാണ് വ്യക്തിപരമായി ഞാന്‍ താല്‍പ്പര്യപ്പെട്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ നിയമസഭയിലെ എന്റെ അഞ്ചു കൊല്ലം കൊണ്ടു പ്രയോജനമില്ലാതായി പോയി. കാരണം അവിടെ എനിക്ക് പ്രത്യേകിച്ച് ഒരു റോളുമില്ലായിരുന്നു. അടുത്ത കാലത്തു ജയിച്ചു വന്ന പിള്ളേരുടെ കൂട്ടത്തില്‍ അവിടെ ഇരിക്കാം, വോട്ടു ചെയ്യാം, പ്രസംഗം നടത്താം എന്നല്ലേയുള്ളൂ. എംഎല്‍എ ആയാല്‍ പ്രതിപക്ഷത്തു നല്ല റോള്‍ വഹിക്കാന്‍ കഴിയണം.
അതിന് എനിക്കു സാധിച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ ഭാഗമാണെങ്കില്‍ മന്ത്രിയാകണം. അപ്പോള്‍ എന്തെങ്കിലും ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയും. ഇതു രണ്ടുമല്ലാതെ എന്നപ്പോലെ മുതിര്‍ന്ന ഒരു നേതാവിന് എംഎല്‍എ ആയി ഇരുന്നു വലിയ സംഭാവനകളൊന്നും ചെയ്യാനില്ല. അതുകൊണ്ടു നാലു കൊല്ലം കഴിഞ്ഞപ്പോള്‍ തന്നെ മതിയാക്കണമെന്നു തോന്നി. ഈ നിര്‍ദേശം വന്നപ്പോള്‍ തന്നെ മത്സരിക്കാനില്ല എന്നു പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു. സന്തോഷത്തോടെ തീരുമാനം സ്വീകരിച്ചുവെന്നും ദിവാകരന്‍ പറഞ്ഞു.
L
https://www.facebook.com/Malayalivartha