ഇത്രയും പ്രതീക്ഷിച്ചില്ല... പി.വി. അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയ്ക്കും അന്‍വറിന്റെ മറുപടിയ്ക്കും ശേഷം വലിയ ട്വിസ്റ്റ്; പി.വി. അന്‍വര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികളെന്ന് റിപ്പോര്‍ട്ട്

പി.വി. അന്‍വര്‍ എം.എല്‍.എ.യെ സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങളാണ് പ്രമുഖ പത്രം പുറത്ത് വിടുന്നത്. നിയമസഭാ സമ്മേളനത്തില്‍പ്പോലും പങ്കെടുക്കാതെ രണ്ടു മാസമായി പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണില്‍ കഴിയുന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ ചോദ്യംചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികളെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.
എന്‍.ഐ.എ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നിവരാണു താന്‍ 100 ജോലിക്കാരുമായി സിയേറ ലിയോണില്‍ ഖനനം നടത്തുകയാണെന്നറിയിച്ച അന്‍വറിനെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു പിന്നാലെ വിദേശത്തേക്കു പോയ അന്‍വര്‍ നിയമസഭാ സമ്മേളനത്തിനും എത്താതിരുന്നതോടെ, എം.എല്‍.എയെ കാണാനില്ലെന്നു നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കി. ഘാനയില്‍ ജയിലിലാണെന്ന് അഭ്യൂഹം പരന്നതോടെ അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഘാന പ്രസിഡന്റ് നാന അകഫോ അഡോയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളം കമന്റുകളും ട്രോളുകളും നിറഞ്ഞു.
തുടര്‍ന്ന്, അന്‍വര്‍ തങ്ങളുടെ ജയിലിലില്ലെന്നു ഘാന അധികൃതര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വഴി കേരള ചീഫ് സെക്രട്ടറിക്കും ഈ വിവരമെത്തി. തുടര്‍ന്ന്, എവിടെയാണെന്നു വെളിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും അന്‍വറിനു കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്നാണു താന്‍ സിയേറ ലിയോണിലാണെന്നും ഖനന പ്രവൃത്തിയിലാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചത്.
കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിലായിരുന്നു പ്രത്യക്ഷപ്പെടല്‍. കള്ളക്കേസുകള്‍ നല്‍കി നാട്ടിലെ വ്യവസായങ്ങളെല്ലാം പൂട്ടിച്ച് ഒരു രൂപ പോലും വരുമാനമില്ലാതാക്കിയെന്നും അതിനാലാണു ഖനനത്തിനായി പോയതെന്നുമായിരുന്നു വെളിപ്പെടുത്തല്‍. യാത്രയ്ക്കു മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും സമ്മതവും അനുമതിയുമുണ്ടെന്നും ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന രജനീകാന്ത് ഡയലോഗ് സഹിതം അദ്ദേഹം പറഞ്ഞു. അതോടെയാണ് അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത്.
സിയേറ ലിയോണില്‍ സ്വര്‍ണവും വജ്രവുമാണു പ്രധാന ഖനനവസ്തുക്കള്‍. അന്‍വര്‍ എന്താണു ഖനനം ചെയ്യുന്നതെന്നും അതിന്റെ സാമ്പത്തിക സ്രോതസ് എന്താണെന്നുമാണ് എന്‍.ഐ.എ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവര്‍ അന്വേഷിക്കുന്നത്.
കേരളത്തിലേക്കു സ്വര്‍ണം കടത്താനായി റിവേഴ്‌സ് ഹവാലയിലൂടെ സ്വരൂപിച്ച പണമാണോ ഉപയോഗിക്കുന്നതെന്ന് കസ്റ്റംസ് അന്വേഷിക്കുന്നു. നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണം, ഡോളര്‍ കടത്തുമായി ഇതിനു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നു.
ആഫ്രിക്കയില്‍ ഖനനത്തിനു കോടികളുടെ നിക്ഷേപം വേണം. മുതല്‍മുടക്കിന്റെ 35 ശതമാനം നികുതിയടയ്ക്കുകയും വേണം. ഇന്ത്യക്കാര്‍ക്കു വിദേശത്തു ബിസിനസ് നിക്ഷേപം നടത്തണമെങ്കില്‍ ഇവിടെനിന്നു കൊണ്ടുപോകുന്ന പണം നികുതിയടച്ചതാണെന്നു വ്യക്തമാക്കുന്ന ആദായനികുതി വകുപ്പിന്റെ 15 സി.ബി. ടാക്‌സ് ഡിറ്റര്‍മിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അന്‍വറിന് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഖനനത്തിന് മുതല്‍മുടക്കുന്ന കോടികളുടെ ഉറവിടവും കൊണ്ടുപോയ വഴികളുമാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
2016ല്‍ നിലമ്പൂരില്‍നിന്നു നിയമസഭയിലേക്കു മത്സരിക്കുമ്പോള്‍ 14.38 കോടി രൂപയുടെ ആസ്തിയാണ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പി.വി. അന്‍വര്‍ കാണിച്ചിരുന്നത്.
രണ്ടു വര്‍ഷംകൊണ്ട് 19 കോടി രൂപ മുതല്‍മുടക്ക് നടത്തുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വരുമാനത്തിന്റെ സ്രോതസ് കാണിക്കാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. അന്‍വര്‍ അക്കൗണ്ട് വിവരങ്ങളുമായി കോഴിക്കോട്ട് ആദായനികുതി വകുപ്പ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരായി. വരുമാനത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ കഴിയാതിരുന്നതോടെ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. എന്തായാലും അന്‍വറുടെ കാര്യത്തില്‍ എന്തുണ്ടാകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha