കരാര്‍ പോകുന്ന പോക്ക്... ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള സ്‌റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനും ഇഎംസിസിയും തമ്മിലുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ സാധ്യതയില്ല; ചില പുന:പരിശോധനകള്‍ മാത്രമാണ് ആലോചിക്കുന്നത്

ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണില്‍ മണ്ണിടാനുള്ള പരിശോധന മാത്രമായിരിക്കും നടക്കുകകയെന്ന് റിപ്പോര്‍ട്ട്. കാതലായ മാറ്റങ്ങള്‍ കരാറില്‍ ഉണ്ടായാല്‍ കണക്കുകൂട്ടലുകള്‍ തെറ്റും എന്ന് സര്‍ക്കാര്‍ കരുതുന്നു.
സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ഉപാധികളുണ്ടെങ്കില്‍ റദ്ദാക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ മുഖ്യമന്ത്രി അറിയാതെ ഒരു ആഗോള കരാര്‍ ഒപ്പിടാനാവില്ല. ആഗോള കരാര്‍ തയ്യാറാക്കുമ്പോള്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അതു കണ്ടിരിക്കണമെന്നത് നിയമമാണ്.
മാത്രവുമല്ല കരാര്‍ തയ്യാറാക്കുമ്പോള്‍ നിയമവകുപ്പും കണ്ടിരിക്കണം. സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ നിയമവകുപ്പ് കാണാത്തത് വിവാദമായി മാറിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ നിയമവകുപ്പ് കണ്ടിട്ടുണ്ടോ എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അതിവിദഗ്ദമായ ഒരു കളി നടന്നിട്ടുണ്ട്. ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒരു ആഗോള കമ്പനിയുമായി കരാറില്‍ ഒപ്പിട്ടാല്‍ അത് നിയമവകുപ്പ് കാണേണ്ട കാര്യമില്ല. ഇവിടെ കോര്‍പ്പറേഷന്റെ എംഡി പ്രശാന്ത് നായര്‍ ആണ് കരാര്‍ ഒപ്പിട്ടത് . പ്രശാന്ത് ഒപ്പിട്ട കരാര്‍ സര്‍ക്കാരിന് വേണ്ടിയല്ല. അത് ഇന്‍ലന്റ് നാവിഗേഷന്‍ കേര്‍പ്പറേഷന് വേണ്ടിയാണ്. സര്‍ക്കാര്‍ ഒപ്പിടാത്ത കരാറില്‍ സര്‍ക്കാരിനെ കുറ്റം പറയാനാവില്ല. സ്വകാര്യ കരാര്‍ വിവാദമായാല്‍ സര്‍ക്കാരിന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള തന്ത്രം ആണിത്. ഇതാണ് ഇടതുമുന്നണി പല കരാറുകളിലും പരീക്ഷിച്ചിട്ടുള്ളത്.
എല്ലാ മേഖലയിലും വികസന പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമക്കുകയാണെന്ന് നിയമമന്ത്രി എകെ ബാലന്‍ കുറ്റപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. തുടര്‍ ഭരണം ഒരു രൂപത്തിലും യാഥാര്‍ത്ഥ്യമാകാന്‍ പാടില്ല. മൂലധനശക്തികള്‍ക്കും, കോണ്‍ഗ്രസിനും ബിജെപിക്കും ഏല്‍ക്കുന്ന ആഘാതം ചെറുതല്ല. സര്‍ക്കാരിനെതിരെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്.
വിമോചന സമരം ഇനി സാധ്യമല്ലാത്തത് കൊണ്ടാണ് മറ്റ് രീതികളെന്ന് മന്ത്രി പറഞ്ഞു.. തിരക്കഥയ്ക്ക് അനുസരിച്ചാണ് നീക്കം. അഴിമതിയുമായി ബന്ധപ്പെട്ട് കെട്ടുകഥകളുണ്ടാക്കി. ജനങ്ങളും കോടതിയും അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതെല്ലാം പറയുന്നത് നിയമമന്ത്രിയാണ്. അതായത് കരാറില്‍ കുഴപ്പമുണ്ടോ എന്ന് പരിശോധിക്കേണ്ടയാളാണ് അദ്ദേഹം.
ഇഎംസിസിയും കെഎസ്‌ഐഎന്‍സിയും ധാരണാപത്രം ഒപ്പുവെച്ചത് സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുത്തകകള്‍ക്ക് അനുമതി കൊടുക്കില്ലെന്നത് അണുവിട മാറാത്ത നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്താതെ ഒരു ഐ എ എസു കാരന്‍ തീരുമാനമെടുത്തതായി കരുതാന്‍ വയ്യ.മാത്രവുമല്ല കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ടോം ജോസാണ്. അദ്ദേഹം മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും വിശ്വസ്തനാണ്. ടോം ജോസ് സര്‍ക്കാര്‍ അറിയാതെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ പ്രസ്തുത തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാരിന് എന്തിനാണ് ഇത്രയും മണിക്കൂറുകള്‍ ?
മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ കൊല്ലത്ത് രാഹുല്‍ ഗാന്ധി വരുന്നതിന്റെ ഭാഗമായാണ് അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടത്. അതിന് ആളെ കൂട്ടണമെങ്കില്‍ ഇങ്ങനെ എന്തെങ്കിലും കാണിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത് . ആഴക്കടല്‍ മത്സ്യബന്ധനം കോണ്ഗ്രസിന്റെ കാലത്ത് സ്വദേശ വിദേശ ശക്തികള്‍ക്ക് തീറെഴുതി കൊടുത്തിരുന്നു. ഇപ്പോള്‍ ഓരോ ദിവസവും കള്ള പ്രചരണം നടക്കുന്നു.
ആദ്യം 5000 കോടിയുടെ പദ്ധതി എന്ന് പറഞ്ഞു. ഇപ്പോ അത് 100 കോടിയായി. ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഉണ്ടായിരുന്ന നയമല്ല സര്‍ക്കാരിന് ഉള്ളത്. അതിന് ഘടകവിരുദ്ധമായ ഒരു എംഒയുവും നിലനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു..
ഇഎംസിസിക്ക് നാല് ഏക്കര്‍ ഭൂമി ചേര്‍ത്തലയില്‍ അനുവദിച്ച ഉത്തരവ് പുറത്തു വന്നിട്ടുണ്ട്. നാലേക്കര്‍ സ്ഥലം അനുവദിച്ചത് കോര്‍പ്പറേഷനല്ല. അത് കിന്‍ഫ്രയാണ്. കിന്‍ഫ്ര ഭൂമി അനുവദിക്കണമെങ്കില്‍ വ്യാവസായ വകുപ്പ് തീരുമാനിക്കണം. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇക്കാര്യം അറിഞ്ഞിരിക്കണം. അതു കൊണ്ടു തന്നെ ഇവര്‍ക്ക് നേരിട്ടു ഉത്തരവാദിത്തം ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ വലിയ മാറ്റമെന്നും കരാറില്‍ ഉണ്ടാകുമെന്ന് കരുതുക വയ്യ.
"
https://www.facebook.com/Malayalivartha