തുടര്‍ ഭരണം എന്ന് കേട്ടപ്പോള്‍ സി പി എമ്മുകാര്‍ ജീവനും കൊണ്ട് ഓടിയതെന്തിന്?

തെരഞ്ഞടുപ്പിലേക്ക് നീങ്ങുന്ന ഭരണകക്ഷിക്ക് തുടര്‍ ഭരണം കിട്ടുമെന്ന് പറഞ്ഞാല്‍ ആരാണ് ആഹ്ലാദിക്കാത്തത്? എന്നാല്‍ രണ്ട് പ്രമുഖ മാധ്യമം അത്തരത്തില്‍ സര്‍വേ ഫലം പ്രഖ്യാപിച്ചിട്ടും സി പി എം പ്രവര്‍ത്തകര്‍ക്ക് തീരെ ആവേശം പോരാ. സര്‍വേ ഫലമൊന്നും വിശ്വസിക്കാന്‍ കഴിയില്ലെന്ന് പ്രവര്‍ത്തകര്‍ തന്നെ ആവര്‍ത്തിക്കുന്നു. എന്താണ് കാരണം?
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതു പോലൊരു സര്‍വേ ഒരു മാധ്യമം സംപ്രേക്ഷണം ചെയ്തിരുന്നു. അന്നും തുടര്‍ഭരണമാണ് പ്രവചിക്കപെട്ടത്. കോവിഡ് വൈറസ് കേരളത്തെ കീഴടക്കി തുടങ്ങിയ കാലത്തായിരുന്നു സര്‍വേ സംഘടിപ്പിക്കപ്പെട്ടത്. അക്കാലത്ത് സര്‍ക്കാരിന്റെ സത് പേര് വാനോളം ഉയര്‍ന്നിരുന്നു.
സര്‍വേപുറത്തു വന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കി കൊണ്ട് സ്വര്‍ണ്ണക്കടത്ത് ആരോപണം ഉയര്‍ന്നത്. ഇതാണ് സി പി എം പ്രവര്‍ത്തകരെ അങ്കലാപ്പിലാക്കുന്നത്. ആരെങ്കിലും നല്ലത് പറഞ്ഞാല്‍ പിന്നെ തകര്‍ത്തെറിയപ്പെടും എന്നതാണ് സി പി എമ്മിന്റെ അവസ്ഥ അവര്‍ പറയുന്നു.
തങ്ങളെ പുകഴ്ത്തി കൊല്ലരുതേ എന്നാണ് സി പി എം പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന.കൂടുതല്‍ പുകഴ്ത്തിയാല്‍ അടി തെറ്റും എന്നവര്‍ വിശ്വസിക്കുന്നു. അതേ സമയം സര്‍വേ ഫലം യു ഡി എഫിന് വര്‍ധിത വീര്യമാണ് പകര്‍ന്നു നല്‍കുന്നത്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭരണം പരണത്താവുമെന്ന ആശങ്ക ഇവര്‍ പങ്കുവയ്ക്കുന്നു.
51 ശതമാനം പേരാണ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മതിയെന്ന് സര്‍വേയില്‍ പ്രതികരിച്ചത്. അതൊരു ചെറിയ നേട്ടമല്ല. 50 ശതമാനത്തിലധികം ആളുകള്‍ പ്രതികരിച്ച ചോദ്യങ്ങള്‍ സര്‍വേയില്‍ കുറവായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പിണറായി വിജയന്‍ തന്റെ തേരോട്ടം കുറിച്ചത്.
വിവാദങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ തന്റെ പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തന്നെയാവണം അദ്ദേഹത്തിന് നേട്ടമായി ഭവിച്ചത്. സ്വര്‍ണ്ണക്കടത്ത് നടന്നത് മുഖ്യന്ത്രിയുടെ അറിവോടെയല്ലെന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. സ്വര്‍ണ്ണക്കടത്തില്‍ നിന്ന് മുഖ്യമന്തിയുടെ ഓഫീസിനെ ഒഴിവാക്കാന്‍ പ്രേക്ഷകര്‍ ശ്രമിച്ചത് ശ്രദ്ധേയമായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പലരുടേയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് പുറമെ ശശി തരൂര്‍ എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ പേരുകളെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ സജീവമാണ്.
സര്‍വേയില്‍ ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഏറ്റവും പിന്നില്‍. ഇതേ മാധ്യമം മുമ്പ് നടത്തിയ സര്‍വേയിലും ചെന്നിത്തല പിന്നിലായിരുന്നു.ഇതെല്ലാം സര്‍വേ നടത്തിയവരുടെ രാഷ്ട്രീയം എന്ന് വിശ്വസിക്കാനാണ് ചെന്നിത്തലയുടെ ക്യാമ്പ് ഇഷ്ടപ്പെടുന്നത്.
യുഡിഎഫില്‍ നിന്ന് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തണം എന്ന ആഗ്രഹമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത്. 42 ശതമാനം വോട്ടമാര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായപ്പോള്‍ ശശി തരൂരിന് 27 ശതമാനം പേരുടേയും ചെന്നിത്തലയ്ക്ക് 19 ശതമാനം ആളുകളുടേയും പിന്തുണ ലഭിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആറ് ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ അത്രതന്നെ ശതമാനം പേര്‍ അറിയില്ല എന്ന നിലപാടും സ്വീകരിച്ചു.
സര്‍വേ സര്‍ക്കാരിന്റെ പി. ആര്‍. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണുന്നവരും സി പി എമ്മില്‍ കുറവല്ല. പ്രൊഫഷണല്‍ പരസ്യങ്ങള്‍ തയ്യാറാക്കി സംപ്രേക്ഷണം ചെയ്യുന്ന സര്‍ക്കാര്‍ പ്രഫഷണല്‍ സര്‍വേയും തയ്യാറാക്കുന്നു. സംഗതി സിംപിള്‍! ഇതില്‍ ഒരു മാധ്യമം കഴിഞ്ഞ പാര്‍ലെമെന്റ്‌തെരഞ്ഞടുപ്പിലും പാലാ ഉപതെരഞ്ഞടുപ്പിലും തയ്യാറാക്കിയ സര്‍വേ പൂര്‍ണമായി പാളിയിരുന്നു.
ക്രൈസ്തവര്‍ യു ഡി എഫിനൊപ്പം നില കൊള്ളുന്നു എന്നതാണ് സര്‍വേയിലെ മറ്റൊരു പ്രധാന ഫലം. കേരള കോണ്‍ഗ്രസിന്റെ ചുവടുമാറ്റം അതിനെ ബാധിച്ചിട്ടില്ലെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്.ഇതിലും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ക്രൈസ്തവരെ കൈയിലെടുക്കാനുള്ളതന്ത്രങ്ങളാണ് ബി ജെ പി ഉള്‍പ്പെടെയുള്ള മുന്നണികള്‍ നടത്തുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് മുസ്ലിം ലീഗിന് മുഖ്യമന്ത്രി പദം ലഭിക്കേണ്ടതുണ്ട് എന്നാണ്. ഇല്ല എന്ന് 20 ശതമാനവും ഒന്നും പറയാന്‍ കഴിയില്ലെന്ന് 40 ശതമാനവും പ്രതികരിച്ചു. ഇത് യുഡി എഫിനെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഏതായാലും കരുതലോടെയാണ് മുന്നണികള്‍ സര്‍വേഫലത്തോട് പ്രതികരിക്കുന്നത്. സര്‍വേ തങ്ങളെ കൊല്ലാനാണോ വളര്‍ത്താനാണേ എന്നാണ് സംശയം.
https://www.facebook.com/Malayalivartha