കൈവിട്ട കളികള്‍... ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഇന്നലെ ഞെട്ടിപ്പിച്ച ലതിക സുഭാഷ് ഇന്ന് വീണ്ടും ഞെട്ടിപ്പിക്കുന്നു; ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; പിജെ ജോസഫിന് വിട്ടുകൊടുത്ത സീറ്റ് ആകെ കുളമായി; നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ലതിക സുഭാഷ്

കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിപ്പിച്ച് ലതിക സുഭാഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഇന്നലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത ലതിക സുഭാഷ് ഇന്ന് വൈകിട്ടോടെ തന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപം നടത്തും.
കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍,വനിതയെന്ന നിലയില്‍ ഏറെ ദു:ഖമുണ്ടെന്ന് ലതിക സുഭാഷ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. താന്‍ ഏറ്റുമാനൂര്‍ ആഗ്രഹിച്ചിരുന്നു. 16 വയസ്സ് മുതല്‍ ഈ പാര്‍ട്ടിക്കൊപ്പം നിന്നയാളാണ്. ഇന്ന് എം.എല്‍.എമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോണ്‍ഗ്രസിനെ സേവിച്ചിട്ടുണ്ട്.
മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുപത് ശതമാനം നല്‍കിയില്ലെങ്കില്‍ പോലും ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.
പ്രസ്ഥാനത്തിനായി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് കെ.പി.സി.സി സെക്രട്ടറി രമണി പി.നായര്‍ ഉള്‍പ്പെടെ തഴയപ്പെട്ടു. എന്നും പാര്‍ട്ടിക്കായി പണിയെടുക്കുന്ന, തിരഞ്ഞെടുപ്പിനായി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. മുന്‍ മഹിളാകോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്ത് പേരുറപ്പിക്കാന്‍ കണ്ണീരണിയേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരില്‍ ഷാനി മോള്‍ക്കും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി ഓരോ തിരഞ്ഞെടുപ്പിലും എന്റെ പേര് വന്നു പോവാറുള്ളതാണ്. പക്ഷേ പട്ടിക വരുമ്പോള്‍ കാണാറില്ല. അപ്പോഴും പാര്‍ട്ടിക്കായി നിസ്വാര്‍ത്ഥമായി ജോലിയെടുത്തിരുന്നു. ഒരു വിവാഹിതയായ സ്ത്രീ ആഗ്രഹിക്കാത്ത താലിയെ വരെ ചോദ്യം ചെയ്യുന്ന കമന്റുകള്‍ ഒരു വിവാദത്തിന്റെ പേരില്‍ വന്നിരുന്നു.
പാര്‍ട്ടിക്കായി അതും നേരിടേണ്ടി വന്നു. ഏറ്റുമാനൂരില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിക്കാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു മത്സരിക്കാന്‍. ആറു വയസ്സു മുതല്‍ ഉമ്മന്‍ചാണ്ടിയെ കണ്ടാണ് പഠിച്ചത്. 24ാം വയസ്സ് മുതല്‍ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണ്. നേതാക്കളോടെല്ലാം പറഞ്ഞതാണ് ഏറ്റുമാനൂര്‍ സീറ്റ് പിടിക്കണമെന്ന്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ, നോക്കാമെന്നാണു പറഞ്ഞത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ല ലതിക പറഞ്ഞു.
അതേസമംയ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നില്‍വച്ചു തല മുണ്ഡനം ചെയ്തുള്ള മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന്റെ പ്രതിഷേധത്തെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുന്നു.
സീറ്റ് നല്‍കാതിരുന്നതിന്റ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നേതൃത്വമാണ് യഥാര്‍ഥ കുറ്റക്കാരെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റ പേരില്‍ ലതികയെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചരിത്രത്തിലാദ്യമായി 55 ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയിറക്കിയ സ്ഥാനാര്‍ഥി പട്ടികയുടെ പ്രസക്തി പോലും ഇല്ലാതാക്കുന്നതായിരുന്നു ലതിക സുഭാഷിന്റെ തലമുണ്ഡനം.
140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം. ഒന്‍പത് വനിതകളെ സ്ഥാനാര്‍ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാര്‍ട്ടിയെന്ന പഴി കേള്‍ക്കേണ്ടി വരും. എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും വ്യക്തതയില്ല.
സീറ്റ് നിഷേധിക്കാനുണ്ടായ കാര്യങ്ങള്‍ ലതിക സുഭാഷിനെ ബോധ്യപ്പെടുത്താതിരുന്ന നേതൃത്വത്തെയാണ് പലരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പ്രതിഷേധവുമായി പതിനൊന്ന് മണി മുതല്‍ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും മാധ്യമങ്ങളിലൂടെ എതിര്‍പ്പ് അറിയിച്ചിട്ടും ഒരാള്‍പോലും തിരിഞ്ഞു നോക്കിയില്ലെന്നും ലതികയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























