പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടുറപ്പിക്കാന്‍ ആവേശത്തില്‍ മുന്നണികള്‍, കൊട്ടിക്കലാശമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം സമാപനത്തിലേക്ക്

പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ആവേശത്തില്‍ രാഷട്രീയകേരളം. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികളും അണികളും. കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ആവേശത്തിന് ഒട്ടുംകുറവില്ല. അവസാനവട്ട പ്രചാരണം ആവേശത്തിലാക്കാനുള്ള നീക്കത്തിലാണ് ഇടത്-വലത്-എന്‍.ഡി.എ. മുന്നണികള്‍.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും, കോഴിക്കോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും റോഡ് ഷോകളില്‍ പങ്കെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒന്നേകാല്‍ മണിക്കൂറോളം വൈകിയാണ് റോഡ് ഷോ ആരംഭിച്ചത്. പെരളശ്ശേരിയില്‍നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും പങ്കെടുത്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്.
യു.ഡി.എഫ്. സര്‍ക്കാര്‍ വരാന്‍ പോവുകയാണെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല ഉടുമ്പന്‍ചോല മണ്ഡലത്തിലെ നെടുങ്കണ്ടത്ത് വച്ച് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് യു.ഡി.എഫ്. തരംഗം ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കോഴിക്കോട്ട് റോഡ് ഷോയില്‍ പങ്കെടുത്തു. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ റോഡ് ഷോ നടത്തിയത്.
നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുല്‍ തിരുവനനന്തപുരത്തേക്ക് തിരിച്ചു.
കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് എന്‍.ഡി.എ. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കോഴിക്കോട്ട് നടന്ന റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha