കേന്ദ്രത്തിന് കത്തയച്ച് സ്വപ്ന സുരേഷിൻറെ അമ്മ... മകളെ രക്ഷിക്കണമെന്ന് കേണപേക്ഷിക്കുന്നു... ശരിവച്ച് നിർദേശവും..!

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന സ്വപ്ന സുരേഷിൻറെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് അയച്ചു. സെൻട്രൽ ഇക്കണോമിക് ഇൻറലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകിയത് സ്വപ്ന സുരേഷിന്റെ അമ്മയാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഈ കത്തിൻറെ അടിസ്ഥാനത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
നേരത്തേ സ്വർണ്ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ജയിലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യമുണ്ടായിരുന്നു.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ന് പ്രവേശിപ്പിച്ചത്. സ്വപ്നയെ വിയ്യൂർ ജയിലിൽ പാർപ്പിച്ചിരുന്ന സമയത്തായിരുന്നു ഈ സംഭവം നടന്നത്. സ്വപ്നയുടെ ആരോഗ്യനില പിന്നീട് തൃപ്തികരമാവുകയായിരുന്നു എന്നാണ് സ്വപ്നയെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്.
അതേസമയം സ്വർണക്കടത്തിലെ ഗൂഢാലോചന അന്വേഷിക്കുവാനായി ജുഡിഷ്യൽ അന്വേഷണത്തിനുള്ള പരിഗണനാ വിഷയങ്ങൾ തീരുമാനിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനെതിരെയുള്ള മനഃപൂർവമായ നീക്കമായി കണ്ടാണ് റിട്ട. ജസ്റ്റിസ് വി കെ മോഹനനെ സർക്കാർ വിഷയം അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷനായി നിയമിച്ചത്. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് 1952 അനുസരിച്ചായിരുന്നു നടപടി. ആറു മാസമാണ് കമ്മീഷൻറെ കാലാവധി.
ജൂലൈ മുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ജയിലിൽനിന്നുള്ള വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായെന്നും വിശദീകരണക്കുറുപ്പിൽ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.
അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഇവയാണ്. മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കാനുള്ള ശ്രമമുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ ശബ്ദശകലത്തിലെ വസ്തുതകൾ അന്വേഷിക്കുക.
മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും ക്രിമിനൽ കേസിൽ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ കത്തിലെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക.
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ തെറ്റായി പ്രതിചേർക്കുന്നതിനു ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കുക.
ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ, ഗൂഢാലോചനയ്ക്കു പിന്നിലെ വ്യക്തികളെ കണ്ടെത്തുക. കമ്മീഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കാമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വന്നെങ്കിലും കേന്ദ്ര ഏജൻസികളോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് പ്രഖ്യാപനമാണ് സർക്കാർ നീക്കം.
https://www.facebook.com/Malayalivartha

























