മുഹമ്മദ് റിയാസ് , ഓവര്‍ സ്മാര്‍ട്ടാകരുത് ഷൈലജ ടീച്ചറെയും ചെന്നിത്തലയെയും ഓര്‍ക്കുന്നത് നന്ന്

പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിട്ട് 48 മണിക്കൂര്‍ തികഞ്ഞിട്ടില്ല. എന്നാല്‍ 48 മാസം തികഞ്ഞത് പോലെയാണ് മന്ത്രിയുടെ പ്രകടനം. ഒരു ദിവസം കുറഞ്ഞത് മൂന്ന് വാര്‍ത്താക്കുറിപ്പുകള്‍. വ്യത്യസ്തമായ ഇടപെടലുകള്‍. നിരന്തരമായ മീറ്റിങ്ങുകള്‍. അങ്ങനെ വാര്‍ത്തകളില്‍ ഇടം പിടിച്ച് മിടുക്കനായി മുന്നേറുകയാണ് പി.എ. മുഹമ്മദ് റിയാസ് എന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി.
എന്നാല്‍ പ്രിയപ്പെട്ട മുഹമ്മദ് റിയാസ് ഓവര്‍ സ്മാര്‍ട്ടായി താങ്കള്‍ താങ്കളുടെ ഭാവി ഇല്ലാതാക്കരുതെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ഇപ്പോള്‍ പറയുന്നത് . ഒന്നാം പിണറായി മന്ത്രിസഭയില്‍ കെ.കെ. ഷൈലജ ടീച്ചറിനും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കെ. എം. മാണിക്കും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലക്കും ഉണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മുന്നിലുണ്ടാവണം.
കെ.എം. മാണിയും രമേശ് ചെന്നിത്തലയും കെ.കെ ഷൈലജയും ഒട്ടും മോശക്കാര്‍ ആയിരുന്നില്ല. അവര്‍ രാവ് പകലാക്കി ജോലി ചെയ്തത് കൊണ്ടു തന്നെയാണ് അവരുടെ വാര്‍ത്തകള്‍ നിരന്തരം വാര്‍ത്താമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. കാരുണ്യ പോലുള്ള പദ്ധതികള്‍ കെ.എം. മാണിയുടെ യശസ് വാനോളം ഉയര്‍ത്തി. നിപ്പയെയും കോവിഡിനെയും ധീരമായി നേരിട്ടാണ് ഷൈലജ ടീച്ചര്‍ മികച്ച മന്ത്രിയായത്.കാര്യങ്ങള്‍ എന്തൊക്കെ പറഞ്ഞാലും രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍ കൊണ്ട് മാത്രമാണ് 140 ല്‍ 120 സീറ്റ് വാങ്ങി പിണറായിയെ രണ്ടാം വട്ടം അധികാരത്തില്‍ എത്താതിരുന്നത്.
ഹിന്ദുക്കള്‍ക്കിടയില്‍ ദൃഷ്ടി ദോഷം എന്നൊരു വിശ്വാസമുണ്ട്. അതായത് നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരേ ദൃഷ്ടി ദോഷം ഉണ്ടാവും. ദൃഷ്ടി എന്നാണ് കണ്ണ്. ഹോ അയാളുടെയൊരു പ്രവര്‍ത്തനമേ എന്നാരെങ്കിലും പറഞ്ഞാല്‍ ദൃഷ്ടി ദോഷം സംഭവിക്കുന്നയാള്‍ മലര്‍ന്നു വീഴും. അതാണ് കെ. എം. മാണിക്കും ഷൈലജ ടീച്ചറിനും രമേശ് ചെന്നിത്തലക്കും സംഭവിച്ചത്. ഇത് റിയാസിന് സംഭവിക്കാതിരിക്കരുതെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.
ഉദാഹരണത്തിന് റോഡുകളുടെ കാര്യം എടുക്കാം. റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അറിയാക്കാം. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.
ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
കാലവര്‍ഷം തുടങ്ങും മുമ്പ് റോഡുകള്‍ നന്നാക്കുമെന്ന് മന്ത്രി പറഞ്ഞു . എന്നാല്‍ പ്രസ്താവന പത്രത്തില്‍ വരുന്നതിന് മുമ്പ് തന്നെ കാലവര്‍ഷം ഇങ്ങെത്തി. അതായത് പ്രസ്താവന നടപ്പിലാക്കാനുള്ള സാവകാശം കിട്ടിയില്ലെന്നര്‍ത്ഥം. ഇനി നാട്ടുകാര്‍ എന്തുചെയ്യും? അവര്‍ മന്ത്രി വാക്കുപാലിച്ചില്ലെന്നാരോപിച്ച് രംഗത്തെത്തും.എന്തിനാണ് സാര്‍ ഇത്തരം പുകിലുകള്‍ തലയിലെറ്റുന്നത്?
പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്കാര്‍ യഥേഷ്ടമുണ്ടെന്നും അവരെ അമര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജി.സുധാകരന്‍ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് അദ്ദേഹം നടത്താന്‍ പോകുന്നത്. സുധാകരന്‍ ആയതു കൊണ്ട് അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ റിയാസ് ഒരു ചെറുപ്പക്കാരനാണ്. അവരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മന്ത്രിക്ക് കഴിയില്ലെന്ന കാര്യത്തില്‍ സംശയമേ വേണ്ട.
ടൂറിസം വകുപ്പിലും മന്ത്രി വലിയ കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. ആഭ്യന്തര സഞ്ചാരികളെ കണ്ടെത്താനുള്ള റിയാസിന്റെ ശ്രമങ്ങള്‍ പ്രശംസാര്‍ഹമാണ്.
എന്നാല്‍ എല്ലാം ഒരു ദിവസം കൊണ്ട് ചെയ്തു തീര്‍ക്കലിലല്ല മിടുക്ക്. റിയാസിനെക്കാള്‍ മിടുക്കരായ കെ.എന്‍. ബാലഗോപാലും പി. രാജിവും കെ രാധാകൃഷ്ണനും നിശബ്ദ പ്രവര്‍ത്തനം നടത്തുന്നത് അതുകൊണ്ടാണ്.അവരൊന്നും ചുമ്മാ ഇരിക്കുകയല്ല. ഓഫീസിലിരുന്ന് ജോലി ചെയ്യുകയാണ്.
റിയാസ് മുഖ്യമന്ത്രിയുടെ മരുമകനാണ്. അതിനാല്‍ വെട്ട് എവിടെ നിന്നും വരാം. ജാഗ്രതയോടെ കാത്തിരിക്കുന്നതാണ് നല്ലത്.ഇല്ലെങ്കില്‍ ഇന്ന് ജയ് വിളിക്കുന്ന മാധ്യമങ്ങള്‍ നാളെ തറയിലിട്ട് ഉരുട്ടി കളിക്കും. ഇതിനിടയില്‍ ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാനുള്ള പ്രാര്‍ത്ഥനകള്‍ തുടരുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha
























