കേരളത്തിലെ സ്വർണ്ണ കളളക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎമെന്ന് തെളിഞ്ഞു :കള്ളക്കടത്തുകാരും അതു നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

എല്ലാത്തിന്റെയും അടിവേരു ഇറങ്ങുന്നത് എകെജി സെന്ററിലേക്ക്.... സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേരളത്തിലെ സ്വർണ്ണ കളളക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎമെന്ന് തെളിഞ്ഞതായി കെ.സുരേന്ദ്രൻ വിമർശിച്ചു.
കള്ളക്കടത്തുകാരും അതു നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത് എന്നകാര്യം കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കള്ളക്കടത്തുകാർക്കെതിരായ സിപിഎമ്മിന്റെ ധർണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്. കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷൻ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടുകര സംഭവം. സർക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത് എന്നും അദ്ദേഹം വിമർശിച്ചു. സുരക്ഷാ സംവിധാനങ്ങളുള്ള വിമാനത്താവളത്തിനടുത്ത് രണ്ട് അധോലോക സംഘങ്ങൾ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു
അപകടം നടന്നില്ലായിരുന്നെങ്കിൽ പോലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുന്ന സർക്കാർ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുകയാണ്. സഹകരണ ബാങ്ക് വഴിയാണ് സ്വർണ്ണക്കടത്ത് പണമിടപാട് നടന്നത് എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാർ മേഖലയിലെ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം ക്വട്ടേഷൻ സംഘത്തിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാർട്ടി. കേരളത്തിലെ ക്വട്ടേഷൻ സംഘങ്ങൾ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതൽ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മറ്റൊരു വെളിപ്പെടുത്തലുമായി കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിൽ രംഗത്തുവന്നിരുന്നു. സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനടക്കമുള്ളവർക്ക് ക്വട്ടേഷൻ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണം മുന്നോട്ട് പോകുമ്പോൾ പലപേരുകളും പറഞ്ഞ് കേൾക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരൻ ഉൾപ്പടെയുള്ള ആളുകൾ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായി അന്വേഷണം പോകേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























