ഇത്രയും പ്രതീക്ഷിച്ചില്ല... വിലകൂടിയ കാറിന്റെ നികുതി കൂടിപ്പോയെന്ന് പറഞ്ഞ് കോടതിയിലെത്തിയ വിജയ് പെട്ടുപോയി; ഹര്‍ജിയില്‍ ജോലി പറഞ്ഞിട്ടില്ല; നികുതി ഇളവ് തേടിയല്ല കോടതിയിലെത്തിയതെന്നും തര്‍ക്ക പരിഹാരത്തിനു സമയമെടുക്കുന്നത് ബോധിപ്പിക്കാനെന്ന് വിജയ്

വിലകൂടിയ കാറുകള്‍ ഇറക്കുമതി ചെയ്തിട്ട് ടാക്‌സ് അടയ്ക്കാന്‍ വിമുഖത കാട്ടുന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പായി മദ്രാസ് ഹൈക്കോടതി വിധി മാറി. ഇന്നലെ ഏറെ ചര്‍ച്ച ചെയ്ത വിഷയത്തില്‍ കോടതിയില്‍ നടന്ന വാദ പ്രതിവാദങ്ങള്‍ ചര്‍ച്ചയായി.
ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനു നികുതി ചുമത്തിയതു ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് നടന്‍ വിജയ്‌യെ കോടതി രൂക്ഷ വിമര്‍ശിച്ചതും പിഴ ചുമത്തിയതും. റീലില്‍ മാത്രം ഹീറോ ആകാതെ നികുതി അടച്ചു, യഥാര്‍ഥ ജീവിതത്തിലെ നായകന്‍ അതായത് റിയല്‍ ഹീറോ ആകണമെന്നാണ് താരത്തോടു കോടതിയുടെ നിര്‍ദേശം. നികുതിയൊടുക്കില്ലായെന്ന നിലപാട് ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി കണക്കാക്കാമെന്നും മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ പറയുന്നു.
2012ല്‍ ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിനു വിലയുടെ 20 ശതമാനം പ്രവേശന നികുതി ചുമത്തിയതിനെതിരൊണ് വിജയ് കോടതിയെ സമീപിച്ചത്. ഇറക്കുമതി ചുങ്കം അടച്ചതിനാല്‍ മറ്റൊരു നികുതി നല്‍കാനാവില്ലെന്നു വിജയ് നിലപാടെടുത്തു. ഇതോടെ കാറിന്റെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാവില്ലെന്നു ചെന്നൈയിലെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്നാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.എസ്.സുബ്രമണ്യന്‍ ഹര്‍ജിയിലെ ഓരോ വരികളും കീറിമുറിച്ചു വിമര്‍ശനമുയര്‍ത്തുകയായിരുന്നു.
പരാതിക്കാരന്റെ ജോലി എന്താണന്നു പോലും ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടില്ല. അഭിഭാഷകന്‍ അറിയിച്ചപ്പോഴാണു നടന്‍ വിജയ്‌യുടെ ഹര്‍ജിയാണെന്ന് അറിഞ്ഞതെന്നു ജഡ്ജി പറയുന്നു. നികുതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. നിയമപരമായ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വിജയ്‌യെ പോലെയുള്ള വ്യക്തി കോടതിയെ സമീപിച്ചത് അംഗീകരിക്കാനാവില്ല. ലക്ഷക്കണക്കിനു ആരാധകരുള്ള നടനാണു വിജയ്. റീലിലെ മാത്രം ഹീറോ ആകാതെ, നികുതിയടച്ചു യഥാര്‍ഥ ജീവിതത്തിലും വിജയ് നായകനാവണമെന്നും ജഡ്ജി പറഞ്ഞു.
കാറിന്റെ വിലയുടെ 20 ശതമാനം പ്രവേശന നികുതിയായി ഒടുക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. തെറ്റായ സന്ദേശം നല്‍കുന്ന ഹര്‍ജിക്ക് ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയില്‍ അടച്ചതിന്റെ രേഖകളും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. അതേ സമയം നികുതി ഇളവ് തേടിയല്ല കോടതിയിലെത്തിയതെന്നും തര്‍ക്ക പരിഹാരത്തിനു സമയമെടുക്കുന്നതു ചൂണ്ടികാണിക്കാനാണെന്നുമാണ് താരത്തോട് അടുപ്പമുള്ളവരുടെ വിശദീകരണം. 2012ല്‍ ഫയല്‍ ചെയ്ത കേസില്‍ 9 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.
വിജയ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ശേഷമാണ് കോടതി വിധി. ഇത്തരം പ്രവര്‍ത്തികള്‍ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായാണ് വ്യാഖാനിക്കപ്പെടുന്നത്. നടനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്‌സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു. സാധാരണക്കാര്‍ നികുതി അടയ്ക്കാനും നിയമത്തിന് അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ ഇത്തരം പ്രവണതകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.
"
https://www.facebook.com/Malayalivartha