കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു... പ്രതിരോധത്തിൽ പാളിച്ചയോ! ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിക്കുന്നു? കോളേജും തുറക്കുന്നു!

കേരളത്തിൽ കൊവിഡ് പ്രതിരോധം പാളിപ്പോയോ എന്നുള്ള ചോദ്യങ്ങൽ ഏറെ കാലമായി കേൾക്കുന്നതാണ്. എന്നാൽ അത് സാധൂകരിക്കും വിധത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു. പരമപ്രധാനമായ ആധാരം എന്തെന്നു ചോദിച്ചാൽ അത് കൊവിഡ് വർധന തന്നെയാണ്. കൂടാതെ ഉയരുന്ന ടിപിആർ നിരക്കും.
കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ സർക്കാർ ഒടുവിൽ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കർഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നു മുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാനും സർക്കാൻ തീരുമാനിച്ചു.
അതേ സമയം കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളിൽ വാർഡുതല ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടർന്നേക്കും. കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡിനെ സ്വയം പ്രതിരോധിക്കാനുള്ള പുതിയ കാമ്പയിനും കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയിൽ 75 ശതമാനം പേർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ വാക്സീനേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാന സർക്കാർ നടത്തിയ യോഗത്തിൽ നിർദേശമുയർന്നിരുന്നു.
ഓണത്തിന് ശേഷം സർക്കാർ ഭയപ്പെട്ട രീതിയിൽ കൊവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്ന പ്രവണതയുണ്ടായതും നിർണായക തീരുമാനമെടുക്കാൻ സർക്കാരിന് ധൈര്യം നൽകിയെന്നാണ് സൂചന. കർഫ്യൂവും ലോക്ക്ഡൌണും പിൻവലിച്ചതോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് കേരളം തിരിച്ചെത്തുകയാണ്.
അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ/പോളി ടെക്നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും. സ്കൂൾ അധ്യാപകരെല്ലാം വാക്സീൻ സ്വീകരിക്കാൻ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അധ്യാപകരുടെ വാക്സീനേഷൻ പൂർത്തിയാക്കണം എന്നും നിർദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha


























