ഇനി വിട്ടുവീഴ്ചയില്ല... ലോകത്ത് കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; വിദേശത്തുനിന്നു നവംബര്‍ ആദ്യ ആഴ്ച മുതല്‍ ഇന്ത്യയിലെത്തിയവരുടെ യാത്രാവിവരങ്ങള്‍ പരിശോധിക്കും; കോവിഡ് വിദഗ്ധ സമിതി ശുപാര്‍ശ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇന്ത്യയും നിയന്ത്രണം കടുപ്പിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു.
അതിനിടെ കോവിഡ് വിദഗ്ധ സമിതി യോഗം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കി. വിദേശത്തുനിന്നു നവംബര്‍ ആദ്യ ആഴ്ച മുതല്‍ ഇന്ത്യയിലെത്തിയവരുടെ യാത്രാവിവരങ്ങള്‍ പരിശോധിക്കും. 24നാണു സ്ഥിരീകരിച്ചതെങ്കിലും നവംബര്‍ ആദ്യ ആഴ്ച തന്നെ തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദമുണ്ടായിരുന്നുവെന്നു വ്യക്തമായ പശ്ചാത്തലത്തിലാണിത്.
അതിനാല്‍ നേരത്തെ എത്തിയവരെ നിരീക്ഷിക്കും ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 9നു ശേഖരിച്ച സാംപിളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങള്‍, സമീപനാളുകളില്‍ ഈ രാജ്യങ്ങള്‍ വഴിയെത്തിയവര്‍ തുടങ്ങിയവരെ കണ്ടെത്തുകയാണു ലക്ഷ്യം. ഇതിന് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായം തേടും. വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ള മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ പരിഷ്‌കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി, കോവിഡ് ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. 'റിസ്‌ക്' പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു തുടര്‍നിരീക്ഷണം, എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്.
രാജ്യാന്തര തലത്തിലെ പതിവു വിമാന സര്‍വീസുകള്‍ വരുംദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം മാത്രം പുനരാരംഭിക്കാമെന്നാണ് ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെ ധാരണ. ഡിസംബര്‍ 15നു സര്‍വീസ് പുനരാരംഭിക്കാനുള്ള മുന്‍തീരുമാനമാണു പുനഃപരിശോധിക്കുന്നത്.
അതേസമയം ഒമിക്രോണിന്റെ തീവ്ര വ്യാപനശേഷി പരിഗണിക്കുമ്പോള്‍ മൂന്നാഴ്ചയ്ക്കിടെ കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് എത്തിയിരിക്കാനാണു സാധ്യത. നെതര്‍ലന്‍ഡ്‌സില്‍ മാത്രം 13 പേര്‍ക്കു സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ രണ്ടു പേര്‍ക്കും ചെക്ക് റിപ്പബ്ലിക്കില്‍ ഒരാള്‍ക്കും പുതുതായി കണ്ടെത്തി. ഇറ്റലി, ജര്‍മനി, യുകെ, ഇസ്രയേല്‍, ഹോങ്കോങ്, ബോട്‌സ്വാന, ബല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ കേസുകളുണ്ട്. ഓസ്ട്രിയയും സംശയിക്കുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ മലാവിയില്‍നിന്നുള്ളയാള്‍ക്ക് ഇസ്രയേലിലും മൊസാംബിക്കില്‍നിന്നുള്ളയാള്‍ക്ക് ഇറ്റലിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചത് വ്യാപനത്തിന്റെ സൂചന നല്‍കുന്നു.
ഇസ്രയേലും വിദേശികള്‍ക്കു രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ ലോകത്താകെയുണ്ടായ കോവിഡ് കേസുകളില്‍ പകുതിയിലധികവും യൂറോപ്പിലും യുകെയിലുമാണ്. എന്നാല്‍, ഇതു പ്രധാനമായും ഡെല്‍റ്റ വകഭേദം വഴിയാണെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം സൃഷ്ടിച്ചതു ഡെല്‍റ്റ വകഭേദമായിരുന്നു. 3 പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ബ്രിട്ടനില്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതും ത്വരിതപ്പെടുത്തി.
അതേസമയം കോവിഡ് വകഭേദമായ ഒമിക്രോണ്‍ പടരുന്നതിനിടെ യാത്രാ വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍ ജാഗ്രത പ്രഖ്യാപിച്ചു. ഇതിനിടെ, തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തി. ഇന്ത്യ വരും ദിവസങ്ങളില്‍ ഇനിയും നിയന്ത്രണം കടുപ്പിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























