കാക്കി ഇല്ലായിരുന്നെങ്കില്‍ ഉദ്യോഗസ്ഥക്ക് അടി കിട്ടിയേനെ... ആറ്റിങ്ങലില്‍ എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഹൈക്കോടതി

എന്ത് തരം പിങ്ക് പൊലീസാണിത്, എന്തിനാണ് ഇങ്ങനെ ഒരു പിങ്ക് പൊലീസ് എന്നും കോടതി ചോദിച്ചു. കാക്കി ഇല്ലെങ്കില്‍ ഉദ്യോഗസ്ഥക്ക് അടി കിട്ടുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നു എന്നും കോടതി പറഞ്ഞു. മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പൂര്‍ണമായും പരിശോധിച്ചു. ദൃശ്യങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീ അല്ലേ എന്ന് കോടതി ചോദിച്ചു. ഇങ്ങനെ ആണോ പെരുമാറേണ്ടത്. ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കല്‍പിച്ചില്ല. പൊലീസുകാരി അപ്പോള്‍ മാപ്പ് പറഞ്ഞെങ്കില്‍ അന്ന് പ്രശ്‌നം തീര്‍ന്നേനെ എന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ഡിജിപിയോട് കോടതി റിപ്പോര്‍ട്ട് അവശ്യപ്പെട്ടു.
പൊലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്‍കാനാണ് നിര്‍ദേശം. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു.
സംഭവം നീതികരിക്കാനാകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോള്‍ പൊലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നു ഈ സംഭവമെങ്കില്‍ കോടികള്‍ നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ.
കുട്ടിക്ക് പൊലീസിനോടുള്ള പേടി ജീവിത കാലം മാറുമോ എന്നും കോടതി ആശങ്കപ്പെട്ടു. വീഡിയോ കണ്ടത് കൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha
























