സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസില്‍ നിലപാട് മാറ്റി പോലീസ്..... സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് പോലീസ് എഫ്‌ഐആര്‍

തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് പോലീസ് എഫ്‌ഐആര്‍. സന്ദീപിനെ ആക്രമിച്ചത് കൊല്ലാന്‍ വേണ്ടി തന്നെ ആണെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്നാണ് പുറത്തു വന്ന എഫ്‌ഐആഫില്‍ വ്യക്തമാക്കുന്നത്.
മുന്‍വൈരാഗ്യത്തിന്റെ കാരണം എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരല്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ സിപി എമ്മിന്റെ വാദമാണ് പൊലീസും ശരിവയ്ക്കുന്നത്. സന്ദീപിനെ ആക്രമിച്ചതുകൊല്ലാന്‍ വേണ്ടി തന്നെ ആണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് ഇപ്പോള്‍ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്.
അതേസമയം സന്ദീപിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഇരുപതിലേറെ മുറിവേറ്റിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനൊന്ന് മുറിവുകള്‍ ആഴത്തില്‍ ഉള്ളതാണ്. വലതു ശ്വാസകോശത്തിന്റെ താഴെഭാഗത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം. അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും ചാത്തങ്കേരിയിലെ വീട്ടിലുണ്ടായിരുന്നു. പ്രസവത്തെ തുടര്‍ന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത.
ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് പിബി സന്ദീപ് കുമാര്‍ കൊലക്കത്തിക്ക് ഇരയായത്. ഇന്ന് ജന്മദിനം ആഘോഷിക്കാനായി ഇരിക്കുകയായിരുന്നു. സന്ദീപിന് പിറന്നാള്‍ സമ്മാനമായി ചുവന്ന നിറത്തിലൊരു ഷര്‍ട്ടും ഭാര്യ സുനിത വാങ്ങി വച്ചിരുന്നു. ആ ഷര്‍ട്ട് സന്ദീപിന്റെ ശരീരത്തിന് മുകളില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ സുനിത വച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണും നിറഞ്ഞു. സുനിത വാങ്ങിയ ചുവന്ന ഷര്‍ട്ട് ചിതയില്‍ സന്ദീപിന്റെ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി. ആ കാഴ്ച കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha