ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട് ഓടി പുഴയില്‍ ചാടിയ പ്രതി മുങ്ങി മരിച്ചു.... പാപ്പൂട്ടി കടവിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തി

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട് ഓടി പുഴയില്‍ ചാടിയ പ്രതി മുങ്ങി മരിച്ചു. തൊടുപുഴ കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി കെ. ഇബ്രാഹിമാണ് (29) മരിച്ചത്. നഗരത്തിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് ഇന്നലെ രാവിലെ എട്ടരയോടെ തൊടുപുഴ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ഷാഫിയെ ലോക്കപ്പിലിട്ടെങ്കിലും അത് പൂട്ടിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ കണ്ണ് തെറ്റിയ സമയത്ത് ലോക്കപ്പിന്റെ വാതില്‍ തുറന്ന് ഇയാള്‍ ഓടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് പുറകെ ഓടിയെത്തിയെങ്കിലും പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്ത് നിന്ന് ഇയാള്‍ തൊടുപുഴയാറ്റിലേക്ക് എടുത്തുചാടി. മുമ്പോട്ട് കുറച്ച് നീന്തിയ ശേഷം കാണാതാകുകയായിരുന്നു.
തൊടുപുഴ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും അവിടെയുള്ള സ്‌കൂബാ സംഘം മുല്ലപ്പെരിയാറിലേക്ക് പോയിരുന്നു. തുടര്‍ന്ന് കല്ലൂര്‍ക്കാട് ഫയര്‍സ്റ്റേഷനില്‍ നിന്ന് സംഘമെത്തിയാണ് തിരച്ചില്‍ നടത്തിയത്. 11.45ന് പാപ്പൂട്ടി കടവിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha